Friday, November 30, 2018

കെ സുരേന്ദ്രനെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് മുന്‍ ഡി.ജി.പി സെന്‍കുമാര്‍

കെ സുരേന്ദ്രനെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് മുന്‍ ഡി.ജി.പി സെന്‍കുമാര്‍

തിരുവനന്തപുരം:ബി.ജെ.പി നേതാവ് കെ സുരന്ദ്രനെതിരായ പോലീസ് നടപടിക്കെതിരെ മുൻ ഡി.ജി.പി ടി.പി സെൻകുമാർ രംഗത്ത്. പോലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച സെൻകുമാർ നടപടി നിയമത്തിന്റെ ദുരുപയോഗമാണെന്ന് ആരോപിച്ചു. സുരേന്ദ്രന്റെ കുടുംബാംഗങ്ങൾ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകണമെന്നും സെൻകുമാർ അഭിപ്രായപ്പെട്ടു. ഐ.പി.എസ്സുകാർ നട്ടെല്ലില്ലാത്തവരും അടിമവേല ചെയ്യുന്നവരുമായി മാറി. കൂടുതൽ കേസുകൾ ഉണ്ടെങ്കിൽ ഒരിമിച്ചാണ് ഹാജറാക്കേണ്ടത്. മന്ത്രിമാർ ഉൾപ്പടെ വാറണ്ടുകൾ നിലവിലുള്ള പ്രമുഖർക്കെതിരെ ഒരു നടപടിയും പോലീസ് സ്വീകരിക്കുന്നില്ല. കോടതിയെ തെറ്റിദ്ധരിപ്പിച്ചാൽ ഉദ്യോഗസ്ഥന് ശിക്ഷ ലഭിക്കാവുന്നതാണ്. സുരേന്ദ്രന്റെ ബന്ധുക്കൾ ഹൈക്കോടതിയെയും മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കണമെന്നും സെൻകുമാർ അഭിപ്രായപ്പെട്ടു. 

ശബരിമലയില്‍ നിരോധനാജ്ഞ ഡിസംബര്‍ നാലു വരെ തുടരും.


പമ്പ: ശബരിമലയില്‍ നിരോധനാജ്ഞ തുടരും. ഡിസംബര്‍ നാലു വരെ നാലു ദിവസം കൂടിയാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. പമ്പ, നിലക്കല്‍, ഇലവുങ്കല്‍, സന്നിധാനം എന്നിവിടങ്ങളിലായിരിക്കും നിരോധനാജ്ഞ തുടരുക. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ തുടരാനുള്ള തീരുമാനമെടുത്തത്.

വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 6.52 രൂപ കുറച്ചു.

വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 6.52 രൂപ കുറച്ചു. വിലക്കുറവ് ഇന്ന് അർധരാത്രി മുതൽ നിലവിൽ വരുമെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) അറിയിച്ചു. 308.60 രൂപ ഉപഭോക്താവിനു സബ്സിഡിയായി ബാങ്ക് അക്കൗണ്ടിൽ ലഭിക്കും. ഒപ്പം സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന് 133 രൂപയും കുറച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
തുടര്‍ച്ചയായി ആറു മാസത്തോളം നിരക്ക് വര്‍ധിച്ചുക്കൊണ്ടിരുന്ന പാചക വാതക സിലിണ്ടറിന് ഇതാദ്യമായാണ് വില കുറയുന്നത്. പുതുക്കിയ നിരക്കുപ്രകാരം ഡൽഹിയിൽ 14 കിലോ സിലിണ്ടർ 500.90 രൂപയ്ക്കു ലഭിക്കും

ചരമം. കൊമ്പന്റവിടെ കമൽ.


മുണ്ടേരി: പുറവൂർ ജയന്റെ പീടിക റോഡിൽ ബുഷറാസിൽ കൊമ്പന്റവിട കമാൽ (80) നിര്യാതനായി.  ഭാര്യമാർ : കുഞ്ഞാമിന,
പരേതയായ കുനിയിൽ ആയിഷ.
മക്കൾ : ഹാഷിം, അസ്കർ,
പരേതനായ മഹറൂഫ്, മുഹമ്മദലി, ബഷീർ, ബുഷറ. ജമാതാക്കൾ : ജലീൽ, റഷീദ, സമീറ, റംഷീന, നൗഷിറ.



Thursday, November 29, 2018

മുളക്പൊടി എറിഞ്ഞു പണം തട്ടിപ്പറിച്ചു രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് പിടിയിൽ.



● അബൂബക്കർ പുറത്തീൽ.
വ്യാപാരിയുടെ മുഖത്ത്‌ മുളക്പൊടി എറിഞ്ഞു പണം തട്ടിപ്പറിച്ചു രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. എളയാവൂർ കോളനിയിൽ താമസിക്കുന്ന വിനീത് (21) ആണ് എസ്.ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. കടപൂട്ടി പോകുകയായിരുന്ന കാപ്പാട് സ്വദേശിയായ പ്രദീപ്കുമാറി (55)ന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞു കയ്യിലുള്ള ബാഗ് തട്ടിപ്പറിച്ചു രക്ഷപ്പെടാൻ ശ്രമിക്കവേ ബഹളം കൂട്ടി നാട്ടുകാർ പിറകെ ഓടി പ്രതിയെ പിടികൂടി പോലീസിൽ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി ഒമ്പതരയോടെ ആണ് സംഭവം. ഇയാളിൽ നിന്നും കവർന്ന പണമടങ്ങിയ ബാഗ് പ്രതിയിൽ നിന്നും പോലീസ് കണ്ടെടുത്തു.

മോഷ്ടിച്ച കാറുമായി നഗരം ചുറ്റി കറങ്ങാനിറങ്ങിയ കമ്പിൽ സ്വദേശിയായ 17 കാരൻ പിടിയിൽ.



● അബൂബക്കർ പുറത്തീൽ

മോഷ്ടിച്ച കാറുമായി നഗരം ചുറ്റി കറങ്ങാനിറങ്ങിയ കമ്പിൽ സ്വദേശിയായ 17 വയസുകാരനെ ടൗൺ പോലീസ് പിന്തുടർന്ന് പിടികൂടി. കണ്ണൂർ കാൽറ്റക്സിന് സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പഴയ ബസ് സ്റ്റാൻഡിൽ പട്രോളിംഗ് നടത്തുന്ന ടൗൺ സി.ഐ ടി.കെ രത്നകുമാർ, എസ്.ഐ ശ്രീജിത്ത്‌ കോടേരിയും വാഹനത്തിന് കൈകാട്ടിയെങ്കിലും നിർത്താതെ പോകുകയായിരുന്നു. തുടർന്ന് പിന്തുടർന്ന് കാൽറ്റക്സിൽ വെച്ചു പിടിച്ചെങ്കിലും ഈ 17 കാരൻ കാറും ഉപേക്ഷിച്ചു രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് പിറകെ ഓടി 17കാരനെ പോലീസ് സാഹസികമായി കീഴ്പ്പെടുത്തി. ദിവസങ്ങൾക്ക് മുൻപ് കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ വെച്ചു കാണാതായ  കാറാണെന്നു പ്രതി സമ്മതിച്ചു. പിടിയിലാകുന്ന സമയത്ത് കാറിന്റെ നമ്പറും മാറ്റിയ നിലയിലായിരുന്നു.

പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ വ്യോമസേനയ്ക്ക് 25 കോടിനൽകണമെന്ന് ആവശ്യം.


പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ വ്യോമസേനയ്ക്ക് 25 കോടിനൽകണമെന്ന് ആവശ്യം. നിയമസഭയിൽ പ്രത്യേക പ്രസ്താവനയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രം അനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറമെ രക്ഷാദൗത്യത്തിലേര്‍പ്പെട്ട വിമാനങ്ങള്‍ക്ക് കൂടി പണം നല്‍കേണ്ട അവസ്ഥയുണ്ടെന്ന് മുഖ്യമന്ത്രി സഭയെ അറിയിക്കുകയായിരുന്നു.
പ്രളയകാലത്ത് കേന്ദ്രത്തിൽനിന്ന് അനുവദിച്ച റേഷന്‍ ധാന്യത്തിന്റെ വിലയും വ്യോമസേനയ്ക്ക് നൽകാനുള്ള തുകയും ചേർത്ത് 290 കോടി രൂപയാണ് കേരളം നൽകേണ്ടത്.

Wednesday, November 28, 2018

തമിഴ്നാടിന് ​ഗവർണർ ജസ്റ്റിസ് പി സദാശിവം 1 ലക്ഷം നൽകി


തിരുവനന്തപുരം: ​ഗജ ചുഴലികൊടുങ്കാറ്റ് മൂലം ദുരിതത്തിലായവരെ സഹായിക്കാനായി​ ​ഗവർണർ ജസ്റ്റി്സ പി സദാശിവം 1 ലക്ഷം നൽകി.
തമിഴ്നാട് മുഘ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പണം അയച്ച് നൽകിയത്.

പ്രവാസികൾക്ക് ഏർപ്പെടുത്തിയ എമിഗ്രേഷൻ രജിസ്ട്രേഷൻ നിർബന്ധമല്ലെന്ന് കേന്ദ്ര സർക്കാർ

 യു.എ.ഇ ഉൾപ്പെടെപതിനെട്ട് രാജ്യങ്ങളിലെ തൊഴിലെടുക്കുന്ന പ്രവാസികൾക്ക് ഏർപ്പെടുത്തിയ എമിഗ്രേഷൻ രജിസ്ട്രേഷൻ നിർബന്ധമല്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ജനുവരി ഒന്ന് മുതൽ രജിസ്ട്രേഷൻ നിർബന്ധമാക്കിക്കൊണ്ട് കഴിഞ്ഞ ആഴ്ചയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കിയത്. ഇന്ത്യയിൽ പോയി മടങ്ങിവരുന്നവർ 21 ദിവസത്തിന് മുമ്പ് മുതൽ 24 മണിക്കൂറിനുള്ളിൽ വരെയായിരുന്നു രജിസ്ട്രേഷന്റെ സമയം. ഇ മൈഗ്രേറ്റ് പോർട്ടലിൽ പേര് റജിസ്റ്റർ ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. സാധാരണ ഗതിയിൽ എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമില്ലാത്ത പാസ്പോർട്ട് ഉടമകൾക്കായിരുന്നു ഇത് നിർബന്ധമാക്കിയിരുന്നത്. അതാണ് ഇപ്പോൾ നിർബന്ധമല്ലെന്ന് അറിയിച്ചിരിക്കുന്നത്. എന്നാൽ താല്പര്യമുള്ള പ്രവാസികൾക്ക് സ്വമേധയാ രജിസ്റ്റർ ചെയാമെന്നും കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തിൽ പറയുന്നു .

ശബരിമല: ഇന്നലെ എത്തിയത് 35000ലേറെ തീര്‍ഥാടകര്‍.


സന്നിധാനത്ത് ഇന്നലെ ദര്‍ശനത്തിനെത്തിയത് 35000ലേറെ തീര്‍ഥാടകര്‍. ഇന്നലെ വൈകീട്ട് ആറുവരെയുള്ള കണക്കാണിത്. തിങ്കളാഴ്ചയാണ് ഏറ്റവും തിരക്ക് അനുഭപ്പെട്ടത്. 60000ലേറെ പേര്‍ ദര്‍ശനം നടത്തി. കഴിഞ്ഞ വെള്ളിയാഴ്ച 40000ലേറെ പേര്‍ ദര്‍ശനം നടത്തിയിരുന്നു. ഭക്തര്‍ക്ക് ഒരു തരത്തിലുമുള്ള പ്രയാസങ്ങളും ഉണ്ടാകാത്തവിധത്തിലുള്ള സൗകര്യങ്ങളാണ് നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളിലും പമ്പ മുതല്‍ സന്നിധാനം വരെയും ക്രമീകരിച്ചിരിക്കുന്നത്. 
ദര്‍ശനശേഷം വളരെയധികം നേരം തങ്ങാന്‍ നില്‍ക്കാതെ നെയ്യഭിഷേകം പൂര്‍ത്തിയാക്കി ഭക്തര്‍ മടങ്ങുന്നതുമൂലം വന്‍തിരക്ക് ഒഴിവാക്കാന്‍ കഴിയുന്നുണ്ട്. സന്നിധാനത്ത് തീര്‍ഥാടകര്‍ക്ക് പ്രയാസമുണ്ടാക്കുന്ന ഒരുതരത്തിലുമുള്ള നിയന്ത്രണങ്ങളില്ല. നെയ്യഭിഷേകത്തിനും യഥേഷ്ടം വിരിവെയ്ക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
ചൂടുവെള്ളം, ചുക്കുകാപ്പി, ഔഷധവെള്ളം എന്നിവയുടെ വിതരണം ദേവസ്വംബോര്‍ഡ് നേരിട്ട് നിര്‍വഹിക്കുന്നു. അതുപോലെ മാലിന്യനിര്‍മാര്‍ജനവും ആരോഗ്യസുരക്ഷാ പ്രവര്‍ത്തനങ്ങളും വളരെ കാര്യക്ഷമമായിട്ടാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. 
വ്യാജ പ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പടെ തീര്‍ഥാടകരുടെ വരവ് വര്‍ധിച്ചുവരുകയാണ്.

Tuesday, November 27, 2018

നിയമസഭയില്‍ കറുപ്പ് വേഷമണിഞ്ഞു പി.സി ജോർജ്.



നിയമസഭയില്‍ കറുപ്പ് വേഷമണിഞ്ഞെത്തിയതില്‍ പ്രതികരണവുമായി പി. സി. ജോര്‍ജ്. ഇന്നു മുതല്‍ നിയമസഭയില്‍ ബിജെപിക്ക് ഒപ്പമാണെന്നും അയ്യപ്പ ഭക്തരോടുള്ള പിന്തുണ കാണിക്കാനാണ് കറുപ്പ് വേഷമണിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യുവതിപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധ സൂചനയിട്ടാണ് അദ്ദേഹം കറുപ്പണിഞ്ഞ് എത്തിയത്.ബിജെപിയുടെ ഏക അംഗമായ ഒ രാജഗോപാലും സഭയില്‍ കറുപ്പണിഞ്ഞാണ് എത്തിയത്. 

കെ. കൃഷ്ണന്‍കുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.


മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി കെ. കൃഷ്ണന്‍കുട്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. 
മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ ഇ.പി. ജയരാജന്‍, എ.കെ. ബാലന്‍, ഇ. ചന്ദ്രശേഖരന്‍, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ജി. സുധാകരന്‍, ഡോ. ടി.എം. തോമസ് ഐസക്, പ്രൊഫ. സി. രവീന്ദ്രനാഥ്, എ.സി. മൊയ്തീന്‍, വി.എസ്. സുനില്‍കുമാര്‍, കെ.കെ. ശൈലജ ടീച്ചര്‍, ജെ. മേഴ്‌സിക്കുട്ടിയമ്മ, ടി.പി. രാമകൃഷ്ണന്‍, പി. തിലോത്തമന്‍, കെ. രാജു, ഡോ. കെ.ടി. ജലീല്‍, എം.എല്‍.എമാര്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സാമൂഹ്യ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന്, രാജ്ഭവനില്‍ ഗവര്‍ണര്‍ നല്‍കിയ ചായസല്‍ക്കാരത്തിലും മുഖ്യമന്ത്രി, പുതിയ മന്ത്രി, മറ്റ് മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് സെക്രട്ടേറിയറ്റിലെ നോര്‍ത്ത് സാന്‍ഡ്‌വിച്ച് ബ്‌ളോക്കിലെ രണ്ടാംനിലയിലെ ഓഫീസിലെത്തി മന്ത്രി ചുമതലയേറ്റു.
പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയാണ് കെ. കൃഷ്ണന്‍കുട്ടി.

കസ്റ്റഡിയിൽവെച്ച് തന്നെ അപായപ്പെടുത്താൻ പോലീസ് ശ്രമിക്കുന്നതായി കെ. സുരേന്ദ്രൻ.


കസ്റ്റഡിയിൽവെച്ച് തന്നെ അപായപ്പെടുത്താൻ പോലീസ് ശ്രമിക്കുന്നതായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. ഇന്നലെ രാത്രിതന്നെ കോഴിക്കോട് നിന്ന് കൊട്ടാരക്കരയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ശക്തമായി എതിർത്തുകൊണ്ടാണ് അത് നടക്കാതെ പോയതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് പിണറായി വിജയനായിരിക്കും ഉത്തരവാദിയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ജയിലിനുള്ളിൽ കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാക്കൾക്ക് ജയിലിൽ നിന്നും കത്തയച്ചു.

കെ. സുരേന്ദ്രനെ പൂജപ്പുര സെൻട്രൽ ജയിലിലെത്തിച്ചു.


തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ പൂജപ്പുര സെൻട്രൽ ജയിലിലെത്തിച്ചു. ചിത്തിര ആട്ടവിശേഷവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനിരിക്കെയാണ് സുരേന്ദ്രനെ പൂജപ്പുര സെൻട്രൽ ജയിലിലെത്തിച്ചത്. കൊട്ടാരക്കര സബ്ജയിലിൽ നിന്നും വൈകിട്ട് ആറുമണിയോടെ പൂജപ്പുരയിലെത്തിച്ച സുരേന്ദ്രനെ കാണാൻ നൂറുകണക്കിന് ബിജെപി പ്രവർത്തകരാണ് തടിച്ച് കൂടിയത്. നാമജപങ്ങളും മുദ്രാവാക്യങ്ങളുമുയർത്തിയാണ് പ്രവർത്തകർ കെ സുരേന്ദ്രനെ സ്വീകരിച്ചത്.

ക്രിക്കറ്റ് ഇതിഹാസം ബ്രെറ്റ് ലീ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.



തിരുവനന്തപുരം: കോക്‌ളിയറിന്റെ ആഗോള ഹിയറിംഗ് അംബാസിഡറും അന്താരാഷ്ട്ര ക്രിക്കറ്റ് ഇതിഹാസവുമായ ബ്രെറ്റ് ലീയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. കേരളത്തിലെ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കെല്ലാം കേള്‍വി ശേഷി സംബന്ധിച്ച പരിശോധന നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ചുള്ള ആശയ വിനിമയം നടന്നതായി മുഖ്യമന്ത്രി അറിയിച്ചു.
ഇന്ന് കേരളത്തില്‍ ജനിക്കുന്ന നൂറു കുട്ടികളില്‍ 86 പേരേയും കേള്‍വി ശേഷി പരിശോധനയ്ക്കു വിധേയരാക്കുന്നുണ്ട്. ഇത് പൂര്‍ണ തോതിലെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നവജാത ശിശുക്കളിലെ പരിശോധന സംബന്ധിച്ച വിവരങ്ങള്‍ തത്‌സമയം രേഖപ്പെടുത്താനും ഡിസ്ട്രിക്ട് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ കേന്ദ്രങ്ങള്‍, മെഡിക്കല്‍ കോളജുകള്‍ എന്നിവ അടക്കമുള്ള സ്ഥാപനങ്ങളുമായി പങ്കുവെക്കാനും നിലവില്‍ സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ നവജാത ശിശുക്കളിലും പരിശോധന നടത്തണമെന്നും അതു വഴി കേള്‍വി പ്രശ്‌നമുള്ള കുട്ടികളെ നേരത്തേ തന്നെ കണ്ടെത്തി കേള്‍വി സഹായികളോ, കോക്‌ളിയര്‍ ഇംപ്ലാന്റോ പോലുള്ള നടപടികള്‍ നേരത്തേ തന്നെ സ്വീകരിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

രഹ്ന മനോജിനെ അറസ്റ്റുചെയ്തതിനു പിന്നാലെ ബിഎസ്എന്‍എല്‍ സസ്‌പെന്‍ഡ് ചെയ്തു.


രഹ്ന മനോജിനെ അറസ്റ്റുചെയ്തതിനു പിന്നാലെ ബിഎസ്എന്‍എല്‍ സസ്‌പെന്‍ഡ് ചെയ്തു. പത്തനംതിട്ട പൊലീസാണ് രഹ്നയെ അറസ്റ്റ് ചെയ്തത്. ബി.എസ്.എന്‍.എല്‍ ടെലികോം ടെക്‌നീഷ്യനാണ് രഹ്‌ന. ജീവനക്കാര്‍ നടത്തുന്ന വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങള്‍ക്ക് കമ്പനി ഉത്തരവാദിയല്ലെന്ന് നേരത്തെ തന്നെ ബി.എസ്.എന്‍.എല്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

കെ.എം ഷാജിയുടെ നിയമസഭാംഗത്വം റദ്ദുചെയ്ത ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ


ന്യൂഡല്‍ഹി: അയോഗ്യനാക്കപ്പെട്ട അഴീക്കോട് എം.എല്‍.എ കെ.എം ഷാജിക്ക് ആശ്വാസമായി സുപ്രീംകോടതി വിധി. കെ.എം ഷാജിയുടെ നിയമസഭാംഗത്വം റദ്ദുചെയ്ത ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഉപാധികളോടെയാണ് സ്‌റ്റേ. എം.എല്‍.എ എന്ന നിലയില്‍ ഒരാനുകൂല്യവും കെ.എം ഷാജിക്ക് ലഭിക്കില്ല, നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാമെങ്കിലും വോട്ടു ചെയ്യാന്‍ അവകാശമില്ല തുടങ്ങിയവയാണ് ഉപാധികള്‍.

രഹന ഫാത്തിമയെ അറസ്റ്റ് ചെയ്തു.

കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ ആക്ടിവിസ്റ്റ് രഹന ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതി ഇവർക്ക് മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ഉച്ചയോടെ കൊച്ചിയിൽ നിന്നാണ് പത്തനംതിട്ട സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രഹന ഫാത്തിമയെ അറസ്റ്റ് ചെയ്തത്. 

മാധ്യമ പ്രവര്‍ത്തകന്‍ ആര്‍. രാധാകൃഷ്ണന്‍ നായര്‍ അന്തരിച്ചു


ന്യൂഡല്‍ഹി: സിഎന്‍എന്‍ ന്യൂസ് 18 മാനേജിങ്ങ് എഡിറ്റര്‍ ആര്‍. രാധാകൃഷ്ണന്‍ നായര്‍ അന്തരിച്ചു. 54 വയസ്സായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
യുഎന്‍ഐ, സിഎന്‍ബിസി എന്നീ മാധ്യമസ്ഥാപനങ്ങളിലെ സേവനത്തിനുശേഷമാണ് സിഎന്‍എന്‍യില്‍ മാനേജിങ്ങ് എഡിറ്ററാകുന്നത്. തിരുവനന്തപുരം സ്വദേശിയാണ്.

Monday, November 26, 2018

കനത്ത മഴയിൽ യുഎഇയിലെ ഗതാഗതം സ്തംഭിച്ചു.

കനത്ത മഴയിൽ യുഎഇയിലെ ഗതാഗതം സ്തംഭിച്ചു. ഇതോടെ ദുബായിലും ഷാർജയിലുമുള്ള നിരവധി വിദ്യാർത്ഥികളെ സ്കൂളുകളിൽ നിന്നും വീടുകളിലേക്ക് തിരിച്ചയച്ചു. മഴ നാളെയും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സൗദി അറേബ്യക്കും കുവൈത്തിനും പിന്നാലെ സാമാന്യം നല്ല മഴയാണ് ഇന്ന് യുഎഇയില്‍ ലഭിച്ചത്. അപ്രതീക്ഷിത മഴയില്‍ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടുണ്ടായ ഗതാഗത തടസ്സം യാത്രക്കാരെ വലച്ചു.  പലയിടങ്ങളിലും ഗതാഗതക്കുരുക്കുമൂലം നീണ്ട വാഹനനിരകൾ രൂപപ്പെട്ടു.

ലൈംഗികാതിക്രമ പരാതിയില്‍ പി.കെ.ശശി എം.എല്‍.എയ്ക്ക് സസ്പെന്‍ഷന്‍.

ലൈംഗികാതിക്രമ പരാതിയില്‍ പി.കെ.ശശി എം.എല്‍.എയ്ക്ക് സസ്പെന്‍ഷന്‍.
പി.കെ ശശിയെ ആറ് മാസത്തേക്ക് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു. പാർട്ടി സംസ്ഥാന കമ്മിറ്റിയുടെതാണ് നടപടി. ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ യുവതി നല്‍കിയ പരാതിയിലാണ് ശശിക്കെതിരായ നടപടി. വിഷയത്തില്‍ പാര്‍ട്ടി പി.കെ ശശിയുടെ വിശദീകരണം തേടിയിരുന്നു. ഇക്കാര്യത്തില്‍ ശശിയുടെ വിശദീകരണം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്നാണ് പാര്‍ട്ടി അച്ചടക്കനടപടി പ്രഖ്യാപിച്ചത്.

Sunday, November 25, 2018

കെഎം ഷാജി നിയമസഭാംഗം അല്ലാതായെന്ന് വ്യക്തമാക്കി നിയമസഭാ സെക്രട്ടറിയുടെ അറിയിപ്പ്.

കെഎം ഷാജി നിയമസഭാംഗം അല്ലാതായെന്ന് വ്യക്തമാക്കി നിയമസഭാ സെക്രട്ടറിയുടെ അറിയിപ്പ്. 24ാം തീയതിയാണ് അറിയിപ്പ് പുറത്തിറക്കിയത്. ഹൈക്കോടതി വിധിക്കുള്ള സ്റ്റേ അവസാനിച്ചതിനാലും സുപ്രീം കോടതി സ്റ്റേ നീട്ടാത്തതിനാലും ഷാജി നിയമാസഭാംഗം അല്ലാതായെന്നു അറിയിപ്പില്‍ പറയുന്നു.
ഷാജിയുടെ അപ്പീല്‍ ഇന്നും കോടതിയുടെ പരിഗണനക്ക് എത്തിയില്ല. ഇതോടെ നാളെ നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഷാജിക്ക് കഴിയില്ല. കേസ് നാളെ കോടതിയുടെ പരിഗണക്കായി ലിസ്റ്റ് ചെയ്യിക്കാനാണ് അഭിഭാഷകരുടെ ശ്രമം.

പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ കെ സുരേന്ദ്രന് ജാമ്യം; ശബരിമല സംഘർഷത്തിൽ ജയിൽ വാസം തുടരും.

കണ്ണൂർ: എസ്പി ഓഫീസ് മാർച്ചിനിടെ പോലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ ബിജെപി നേതാവ് കെ സുരേന്ദ്രന് ജാമ്യം അനുവദിച്ചു. കണ്ണൂർ മജിസ്ട്രേറ്റ് കോടതിയാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. ഫെബ്രുവരി 14ന് സുരേന്ദ്രൻ വീണ്ടും ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം ചിത്തിര ആട്ട വിശേഷത്തിന് ശബരിമല  നട തുറന്നപ്പോൾ തൃശൂർ സ്വദേശിനി ലളിതയെ സന്നിധാനത്ത് വെച്ച് ആക്രമിച്ച സംഭവത്തിൽ ജാമ്യം ലഭിക്കാത്തതിനാൽ സുരേന്ദ്രൻ ജയിലിൽ തന്നെ തുടരേണ്ടി വരും. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.

ഗജ ചുഴലിക്കാറ്റ്‌ : മെഡിക്കല്‍ സംഘം തമിഴ്‌നാട്ടിലേക്ക്‌


ഗജ ചുഴലിക്കാറ്റ്‌ ബാധിച്ച തമിഴ്‌നാടിന്‌ കൈതാങ്ങുമായി ആരോഗ്യവകുപ്പ്‌. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും നാഷണല്‍ ഹെല്‍ത്ത്‌ മിഷന്റെയും കെ എം എസ്‌ സി എല്‍ ന്റെയും സംയുക്താഭിമുഖ്യത്തില്‍ തമിഴ്‌നാട്‌ നാഗപ്പട്ടണത്തിലേക്ക്‌ മെഡിക്കല്‍ സംഘം ഇന്ന്‌ (നവംബര്‍ 25) യാത്ര ആരംഭിക്കും. ജില്ലാ കളക്‌ടര്‍ ടി വി അനുപമ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യും. ഡോക്‌ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മിസ്റ്റുമാര്‍, പി ആര്‍ ഒ എന്നിവരടങ്ങുന്ന സംഘം നാഗപ്പട്ടണത്ത്‌ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ സൗജന്യമായി ആരോഗ്യപരിശോധന, മരുന്നുവിതരണം എന്നിവ നടത്തും.

മന്ത്രി മാത്യു ടി തോമസ് രാജിവെച്ചു.


തിരുവനന്തപുരം: ജലവിഭവ മന്ത്രി മാത്യു ടി തോമസ് രാജിവെച്ചു. ക്ലിഫ്ഹൗസിൽ എത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. കെ കൃഷ്ണൻ കുട്ടിയെ മന്ത്രിയാക്കാൻ ജെഡിഎസ് ദേശീയ നേതൃത്വം തീരുമാനിച്ച സാഹചര്യത്തിലാണ് മാത്യു ടി തോമസ് ഒഴിഞ്ഞത്.

പ്രീസ്‌കൂള്‍ കിറ്റുകള്‍ ആവശ്യമുണ്ട്.



കല്ല്യാശ്ശേരി അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ട് പരിധിയിലുള്ള 109 അങ്കണവാടികളില്‍ പ്രീ സ്‌കൂള്‍ എജുക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനും ആക്റ്റിവിറ്റി ബുക്ക്, അസസ്‌മെന്റ് കാര്‍ഡ്, സാക്ഷ്യപത്രം എന്നിവ പ്രിന്റ് ചെയ്യുന്നതിനും താല്‍പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  ഡിസംബര്‍ മൂന്നിന് വൈകിട്ട് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. 

ലേലം ചെയ്യും. (കണ്ണൂർ)



കണ്ണൂര്‍ അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളറുടെ കാര്യാലയത്തിലുള്ള കെ എല്‍ 01/എ 7876 1991 മാരുതി ഓംനി വാന്‍ നവംബര്‍ 30 ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും.  ഫോണ്‍: 0497 2707499.

അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസില്‍ പ്രതിയായ മലയാളി പിടിയില്‍.

ന്യൂഡല്‍ഹി: 2007ലെ അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസില്‍ പ്രതിയായ മലയാളി പിടിയില്‍. കൊയിലാണ്ടി സ്വദേശി സുരേഷ് നായരെ ആണ് ഗുജറാത്ത് ഭീകര വിരുദ്ധ സേന പിടികൂടിയത്. സ്‌ഫോടനത്തിനായി ബോംബ് എത്തിച്ചത് സുരേഷ് നായരാണെന്ന് നേരത്തെ ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു.ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യലിനായി അഹമ്മദാബാദിലേക്ക് കൊണ്ടുപോയി.

പി.കെ.ശശി എംഎല്‍എക്കെതിരെ നടപടി ആവശ്യപ്പെട്ട് വി.എസ്.

തിരുവനന്തപുരം: ലൈംഗിക ആരോപണം നേരിടുന്ന പി.കെ.ശശി എംഎല്‍എക്കെതിരെ നടപടി ആവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന്‍. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം സിപിഎം കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കി. സ്ത്രീകള്‍ക്കെതിരായ ആക്രമണത്തില്‍ ഇരട്ടത്താപ്പ് ഉണ്ടാകരുതെന്നും പീഡന പരാതികളില്‍ വിട്ടുവീഴ്ച ചെയ്യുന്നത് പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു. ശശിക്കെതിരെയുള്ള പരാതിയിന്‍മേലുള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ സിപിഎം സംസ്ഥാന സമിതിയില്‍ പരിഗണിക്കാനിരിക്കെയാണ് വി.എസ് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകിയിരിക്കുന്നത്.

കോട്ടയം നഗരസഭ മുന്‍ അധ്യക്ഷന്‍ സണ്ണി കല്ലൂര്‍ അന്തരിച്ചു.

കോട്ടയം: കോട്ടയം നഗരസഭ മുൻ അധ്യക്ഷനും കർഷക കോൺഗ്രസ് സെക്രട്ടറിയുമായ സണ്ണി കല്ലൂർ (82) അന്തരിച്ചു. തിരുനക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മൃതദേഹം ബുധനാഴ്ച പകൽ 11 മണിയോടെ താഴത്തങ്ങാടി പുത്തൻപള്ളിയിൽ സംസ്കരിക്കും. കർഷക കോൺഗ്രസിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയ സണ്ണി കല്ലൂർ 2000 - 2003, 2010 - 2012 കാലഘട്ടങ്ങളിൽ കോട്ടയം നഗരസഭയുടെ അധ്യക്ഷനായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതൽ കോട്ടയം നഗരസഭയിലും മൂന്നു മുതൽ ഡി.സി.സി. ഓഡിറ്റോറിയത്തിലും പൊതുദർശനത്തിനു വെയ്ക്കും. ഭാര്യ - ലില്ലിക്കുട്ടി ജോസ്. മെറിൻ ജോസഫ് കല്ലൂർ (ദുബായ്), ഡോ. മിഥുൻ കല്ലൂർ (ആയുർവേദ ആശുപത്രി, കുറിച്ചി) എന്നിവർ മക്കളാണ്.

മുൻ കേന്ദ്രമന്ത്രി ജാഫര്‍ ഷെരീഫ് അന്തരിച്ചു.



മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സി.കെ. ജാഫര്‍ ഷെരീഫ് (85) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബംഗളൂരുവില്‍ ചികിത്സയില്‍ ആയിരുന്നു ജാഫര്‍ ഷെരീഫ്. നരസിംഹ റാവു മന്ത്രിസഭയില്‍ റെയില്‍വേ മന്ത്രി ആയിരുന്നു അദ്ദേഹം. കാറില്‍ കയറുന്നതിനിടെ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ഏതാനും ദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കര്‍ണാടക സ്വദേശിയായ ജാഫര്‍ ഷെരീഫ് നിജലിംഗപ്പയടെ അനുയായിയായി ആണ് രാഷ്ട്രീയത്തില്‍ എത്തിയത്. കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ഇന്ദിരാഗാന്ധി വിഭാഗത്തിനൊപ്പം നിന്നു. എംപി ഫണ്ടില്‍ നിന്ന് ഏറ്റവും കൂടുതല്‍ തുക ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച പാര്‍ലമെന്റംഗങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം.

Saturday, November 24, 2018

പൊതുജനങ്ങള്‍ക്ക് മില്‍മ ഡയറി സന്ദര്‍ശിക്കാം.



ഡോ. വര്‍ഗീസ് കുര്യന്റെ ജന്‍മദിനമായ നവംബര്‍ 26 ദേശീയ ക്ഷീരദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് നവംബര്‍ 25, 26 തീയതികളില്‍ മില്‍മ കണ്ണൂര്‍ ഡയറി സന്ദര്‍ശിക്കുന്നതിന് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയതായി  മാനേജര്‍ അറിയിച്ചു.  രാവിലെ 10 മുതല്‍ വൈകുന്നേരം നാല് മണി വരെ മുന്‍കൂട്ടി അനുമതി തേടാതെതന്നെ പൊതുജനങ്ങള്‍ക്ക് ഡയറി സന്ദര്‍ശിക്കാം.  ഉപഭോക്താക്കള്‍ക്ക് ഡയറി കോമ്പൗണ്ടില്‍ സജ്ജമാക്കിയ പ്രത്യേക കൗണ്ടറിലൂടെ മില്‍മ ഉല്‍പ്പന്നങ്ങള്‍  ഡിസ്‌കൗണ്ട് നിരക്കില്‍ ലഭ്യമാക്കും. ഈ തീയതികളില്‍ കണ്ണൂര്‍ കലക്ടറേറ്റ് കോമ്പൗണ്ടിലും പൊതുജനങ്ങള്‍ക്ക് മില്‍മ ഉല്‍പ്പന്നങ്ങള്‍ ഡിസ്‌കൗണ്ട് നിരക്കില്‍ ലഭ്യമാക്കുന്നതിന് സ്‌പെഷ്യല്‍ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും

ശരണം വിളിച്ച കുട്ടിയേയും പൊലീസ് കസ്റ്റഡിയിലെടുത്തതായി പരാതി.


സന്നിധാനം : ഇരുമുടിക്കെട്ടുമേന്തി മല ചവിട്ടാനെത്തിയ കുട്ടികളെ പോലും പൊലീസ് വെറുതെ വിടുന്നില്ല.ശരണം വിളിച്ച നാലു വയസോളം പ്രായമുള്ള ബാലനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ശരണം വിളിക്കുന്നത് വിലക്കരുതെന്ന ഹൈക്കോടതി ഉത്തരവിന്റെ പ്രത്യക്ഷ ലംഘനമാണ് പൊലീസ് ഇന്ന് സന്നിധാനത്ത് നടത്തിയത്.സന്നിധാനത്തും,വാവർ നടയിലും സമാധാനമായി ശരണമന്ത്രം ചൊല്ലിയ അയ്യപ്പന്മാരെക്കെതിരെയാണ് പൊലീസ് നടപടി

പ്രശസ്ത കന്നഡ ചലച്ചിത്ര നടന്‍ അംബരീഷ് അന്തരിച്ചു.

പ്രശസ്ത കന്നഡ ചലച്ചിത്ര നടന്‍ അംബരീഷ് അന്തരിച്ചു. കർണാടകയിൽ എംഎല്‍എ, എംപി, കേന്ദ്രമന്ത്രി എന്നീ പദവികളും അലങ്കരിച്ചിരുന്നു. മലയാള സിനിമയിലും സജീവമായിരുന്ന നടി സുമലതയാണ് ഭാര്യ.
1972ലെ നഗരഹാവു എന്ന സിനിമയിലൂടെയാണ് എംഎച്ച്‌ അംബരീഷ് സിനിമ ലോകത്തേക്ക് കാലെടുത്തുവെച്ചത്. കന്നഡ, ഹിന്ദി, തെലുങ്കു, തമിഴ്, മലയാളം ഭാഷകളിലായി ഏകദേശം ഇരുന്നൂറ്റി മുപ്പതോളം സിനിമയില്‍ അദ്ദേഹം അബിനയിച്ചിട്ടുണ്ട്.
1994ലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. എന്നാല്‍ സീറ്റ് വിഷയത്തില്‍ 1996ല്‍ അദ്ദേഹം പാര്‍ട്ടി വിട്ടു. തുടര്‍ന്ന് ജനത ദളില്‍ ചേര്‍ന്നു. 1998ലെ ജനറല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും മാണ്ഡ്യയില്‍ നിന്ന് വിജയിക്കുകയും ചെയ്തു. എന്നാല്‍ വീണ്ടും അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ തന്നെ തിരിച്ചെത്തി. പതിനാലാം കേന്ദ്രമന്ത്രിസഭയില്‍ ബ്രോഡ് കാസ്റ്റിങ് മിനിസ്റ്റര്‍ ആയിരുന്നു.
 
● അബൂബക്കർ പുറത്തീൽ.
മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിന് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചു. ടാങ്ക് പൊട്ടി റോഡിൽ പരന്ന ഡീസൽ  ഫയർഫോഴ്‌സ് എത്തി ക്ളീൻ ചെയ്തു.
കെ എൽ 13 കെ 5332 ടാറ്റ സുമോ ജീപ്പും മാരുതി സ്വിഫ്റ്റും തമ്മിലാണ് കൂട്ടിയിടിച്ചത്. ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം. ശക്തമായ ഇടിയെ തുടർന്ന് ഓയിൽ ടാങ്ക് ലീക്കാകുകയും ഇന്ധനം റോഡിലേക്ക് ഒഴുകിയതിനെ തുടർന്ന് പരിഭ്രാന്തി പരത്തി. ടൗൺ പോലീസ് സ്ഥലത്തെത്തി. പോലീസ് അറിയിച്ചതിനെ തുടർന്ന്  സി.വി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്നുമെത്തിയ ഫയർഫോഴ്‌സ് വെള്ളം ചീറ്റി റോഡ് ശുദ്ധിയാക്കുകയായിരുന്നു.  അപകടത്തെ തുടർന്ന് ചൊവ്വ - മട്ടന്നൂർ ഹൈവേയിൽ കുറച്ചു നേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു.

കാറിൽ കടത്തി കൊണ്ടുവന്ന 80 ഗ്രാം ഹഷീശുമായി മൂന്നുപേർ പിടിയിൽ.

   
● അബൂബക്കർ പുറത്തീൽ.
കാറിൽ കടത്തി കൊണ്ടുവന്ന 80 ഗ്രാം ഹഷീശുമായി മൂന്നുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇന്റലിജൻസ് ബ്യുറോ പ്രവന്റീവ് ഓഫീസർ പി.വി ദിലീപിന് കിട്ടിയ രഹസ്യ വിവരത്തെ  തുടർന്ന് കണ്ണൂർ റേഞ്ച്‌ എക്സൈസ് ഇൻസ്‌പെക്ടർ ദിലീപും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. എസ്.എൻ പാർക്കിന് സമീപത്തുള്ള ഓഷ്യൻ പാർക്ക് പാർപ്പിട സമുച്ചയത്തിന്റെ ഗെയ്റ്റിന് മുന്നിൽ വെച്ചു കെ.എൽ 13 എ ഡി 4488  പോളോ കാറിൽ നിന്നാണ് 80 ഗ്രാം ഹഷീഷ് പിടികൂടിയത്. കക്കാട് പുഴാതി മുഹമ്മദ് ഇഖ്ബാലിന്റെ മകൻ പി.എൻ മുഹമ്മദ് ഇർഫാൻ (22), മൂന്നുപെരിയ മുണ്ടല്ലൂർ കൃഷ്ണ നിവാസിൽ രാമകൃഷ്ണന്റെ മകൻ കെ.പി റിഷഭ് (28), പയ്യന്നൂർ സത്യേന്ദ്രം വീട്ടിൽ സത്യേന്ദ്രൻ നമ്പ്യാരുടെ മകൻ വരുണ് നമ്പ്യാർ (24) എന്നിവരാണ് അറസ്റ്റിലായത്. എൻ.ഡി.പി.എസ് ആക്റ്റ് പ്രകാരമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അഡീഷണൽ എക്സൈസ് ഇൻസ്‌പെക്ടർ ഗണേഷ്, പ്രിവന്റീവ് ഓഫീസർമാരായ എം.കെ സന്തോഷ്, എൻ. പത്മരാജൻ, സി.ഇ.ഒ പി.കെ. ദിനേശൻ  എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു. കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പാനൂരില്‍ നിന്നും കാണാതായ രണ്ട് പെണ്‍കുട്ടികളെ മലപ്പുറം തിരൂരില്‍ നിന്നും കണ്ടെത്തി.

കണ്ണൂർ : പാനൂരില്‍ നിന്നും കാണാതായ രണ്ട് പെണ്‍കുട്ടികളെ മലപ്പുറം തിരൂരില്‍ നിന്നും കണ്ടെത്തി. തിരൂരിലെ ഒരു ലോഡ്ജില്‍ നിന്നുമാണ് ഇരുവരേയും കണ്ടെത്തിയത്.നവംബര്‍ 19-മുതലാണ് സൈനയെയും ദൃശ്യയെയും കാണാതായത്. പാനൂരിലെ സ്ഥാപനത്തിൽ ലാബ് ടെക്നീഷ്യൻ കോഴ്സ് വിദ്യാർത്ഥികളാണ് ഇരുവരും. പത്താം ക്ലാസ് മുതലുള്ള സൗഹൃദം. തമ്മിൽ പിരിഞ്ഞിരിക്കാനാവാത്ത വിധം കടുത്ത സൗഹൃദം ഇരുവരും തമ്മിലുണ്ടായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. മണിക്കൂറുകൾ നീളുന്ന ഫോൺ സംഭാഷണവും തമ്മിലുള്ള കൂടിക്കാഴ്ച്ചയും വീട്ടുകാർ എതിർക്കുകയും ചെയ്തിരുന്നു. ദൃശ്യയുടെ വിവാഹം തീരുമാനിച്ചിരിക്കെയാണ് ഇരുവരെയും കാണാതായത്. 

നിലയ്ക്കലില്‍ എത്തിയ രാഹുല്‍ ഈശ്വറിനെ പോലീസ് തടഞ്ഞു.


ശബരിമല: സന്നിധാനത്തേക്കു പോകാന്‍ നിലയ്ക്കലില്‍ എത്തിയ അയ്യപ്പ ധര്‍മ സേന നേതാവ് രാഹുല്‍ ഈശ്വറിനെ പോലീസ് തടഞ്ഞു. മറ്റു രണ്ടുപേര്‍ക്കൊപ്പം ഇരുമുടിക്കെട്ടുമായി ശനിയാഴ്ച ഉച്ചയോടെയാണ് രാഹുല്‍ നിലയ്ക്കലില്‍ എത്തിയത്. പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് നിലയ്ക്കല്‍ സ്റ്റേഷനിലെത്തിയ രാഹുല്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
ഹൈക്കോടതിയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ കടത്തിവിടാനാകൂവെന്നും പോലീസ് രാഹുലിനോടു വ്യക്തമാക്കി. തുടര്‍ന്ന് രാഹുല്‍ നിലയ്ക്കലില്‍ നിന്ന് മടങ്ങി. അതേസമയം പോലീസ് നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്നു രാഹുല്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.

മാണ്ഡ്യയില്‍ ബസ് അപകടത്തില്‍പ്പെട്ട് 22 പേര്‍ മരിച്ചു.

കര്‍ണാടകയിലെ മാണ്ഡ്യയില്‍ ബസ് അപകടത്തില്‍പ്പെട്ട് 22 പേര്‍ മരിച്ചു. നിയന്ത്രണം വിട്ട ബസ് നദിയിലേക്ക് മറിയുകയായിരുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
മാണ്ഡ്യയില്‍ നിന്നു പാണ്ഡവപുരിയിലേക്ക് പുറപ്പെട്ട ബസ് ആണ് അപകടത്തില്‍ പെട്ടത്. 30 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി മറ്റു പരിപാടികളെല്ലാം റദ്ദാക്കി സംഭവ സ്ഥലത്തേക്കു തിരിച്ചു.

പൊന്‍ രാധാകൃഷ്ണന്‍ നിലവാരമില്ലാത്ത കേന്ദ്രമന്ത്രി : ഇ പി ജയരാജൻ.

ശബരിമല വിഷയത്തില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷണനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ഇ.പി. ജയരാജന്‍. പൊന്‍ രാധാകൃഷ്ണന്‍ നിലവാരമില്ലാത്ത കേന്ദ്രമന്ത്രിയാണെന്നും അദ്ദേഹത്തിന്റെ പെരുമാറ്റം മോശമായിപ്പോയെന്നും ജയരാജന്‍ വിമര്‍ശിച്ചു. കൂടാതെ കേന്ദ്രമന്ത്രിക്ക് രാഷ്ട്രീയക്കാരന്റെ യോഗ്യതയില്ലെന്ന് അദ്ദേഹം തെളിയിച്ചതായും ജയരാജന്‍ പറഞ്ഞു.
ശബരിമലയില്‍ ഏത് കേന്ദ്രമന്ത്രിക്കും എപ്പോഴും വരാം. ആരുവരുന്നതിലും ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ ഇവിടെ വന്നാല്‍ കലാപമുണ്ടാക്കാന്‍ കൂട്ടുനില്‍ക്കാതെ സമാധാനമുണ്ടാക്കണെമെന്നും ജയരാജന്‍ പറഞ്ഞു. കേരളം ദൈവത്തിന്റെ നാടാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. പൊന്‍ രാധാകൃഷ്ണന്റെ വാഹനവ്യൂഹത്തിലെ കാര്‍ പോലീസ് പമ്പയില്‍ തടഞ്ഞതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Friday, November 23, 2018

മന്ത്രി സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കിയ രീതി വേദനിപ്പിച്ചുവെന്ന് മാത്യു ടി തോമസ്.


തിരുവനന്തപുരം: മന്ത്രി സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കിയ രീതി വേദനിപ്പിച്ചുവെന്ന് മാത്യു ടി തോമസ്. നീതിപൂര്‍വ്വം പ്രവര്‍ത്തിച്ചത് അനിഷ്ടങ്ങള്‍ ഉണ്ടാക്കി. ഇക്കാര്യത്തില്‍ ഇടതുപക്ഷ രീതികള്‍ക്ക് യോജിക്കാത്ത നടപടികളുണ്ടായി. തീരുമാനം മനസ്സിനെ മുറിവേല്‍പ്പിച്ചു. തന്നെയും കുടുംബത്തെയും വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമുണ്ടായി. പാര്‍ട്ടിയോടൊപ്പം തുടരും. ഇടതുപക്ഷത്തോടൊപ്പം എന്നുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘടനാ തീരുമാനത്തിന് വഴിപ്പെടാന്‍ ബാധ്യസ്ഥനാണ്. രാജിവെയ്ക്കണമെന്ന അറിയിപ്പ് പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് ലഭിച്ചിട്ടില്ല. രാജി എപ്പോഴൊണെന്ന് തീരുവനന്തപുരത്ത് എത്തിയ ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രി മാത്യു ടി. തേമസിനെ ദേശീയ നേതൃത്വം മാറ്റി. കെ. കൃഷ്ണന്‍കുട്ടി പുതിയ മന്ത്രിയാകും.

സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി. തേമസിനെ ദേശീയ നേതൃത്വം മാറ്റി. കെ. കൃഷ്ണന്‍കുട്ടി പുതിയ മന്ത്രിയാകും. ജനതാദള്‍ ദേശീയ നേതൃത്വമാണ് മാത്യൂ ടി. തോമസിനെ മാറ്റിക്കൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ചത്. മന്ത്രിയെ മാറ്റാനുള്ള തീരുമാനം പാര്‍ട്ടി ദേശീയ നേതൃത്വം എല്‍.ഡി.എഫ് കണ്‍വീനറെ അറിയിച്ചു. ജെ.ഡി.എസിലെ ധാരണ പ്രകാരമാണ് മന്ത്രിയെ മാറ്റിയതെന്നും പാര്‍ട്ടി പിളരില്ലെന്നും ദേശീയ സെക്രട്ടറി ഡാനിഷ് അലി അറിയിച്ചു.
ചിറ്റൂര്‍ എം.എല്‍.എയായ കെ. കൃഷ്ണന്‍കുട്ടി, സി.കെ നാണു എന്നിവരുടെ നേതൃത്വത്തില്‍ ജനതാദളിലെ ഒരു വിഭാഗം ദേശീയ നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രിയെ മാറ്റാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

കേന്ദ്ര സർക്കാരിന്റെ സിറ്റി ഗ്യാസ് പദ്ധതിയിൽ കണ്ണൂരിലും.



കേന്ദ്ര സർക്കാരിന്റെ സിറ്റി ഗ്യാസ് പദ്ധതിയിൽ കണ്ണൂരിലും. ഇനിമുതൽ അടുക്കളയിലേക്ക് ഗ്യാസ് നേരിട്ടെത്തും.  ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി  വെബ് കാസ്റ് വഴി ഉദ്ഘാടനം ചെയ്തു.

വാക്ക് ഇൻ ഇന്റർവ്യൂ: കണ്ണൂർ.



കണ്ണൂർ ജില്ലാ ആശുപത്രിയിൽ ആർ എസ് ബി വൈ പദ്ധതി പ്രകാരം ദിവസ വേതനാടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നതിന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഇന്റർവ്യൂ നടത്തും.  
ഓപ്പറേഷൻ തീയറ്റർ ടെക്‌നിഷ്യൻ: യോഗ്യത- അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡിപ്ലോമ ഇൻ ഓപ്പറേഷൻ തീയറ്റർ ടെക്‌നോളജി. ഒരു വർഷത്തെ പ്രവൃത്തിപരിചയം. റേഡിയോ ഗ്രാഫർ (എക്‌സ്‌റേ, സി ടി യൂണിറ്റ്) - അംഗീകൃത മെഡിക്കൽ കോളേജിൽ നിന്നും റേഡിയോഷൻ ടെക്‌നോളജിയിൽ ഡിപ്ലോമ.  ഒരു വർഷത്തെ പ്രവൃത്തിപരിചയം.  താൽപര്യമുള്ളവർ നവംബർ 27 ന് രാവിലെ 10 മണിക്ക് മുമ്പ് യോഗ്യത, മേൽവിലാസം, തെളിയിക്കുന്ന രേഖകൾ സഹിതം ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരാകേണ്ടതാണ്.

എയര്‍ ഹോസ്റ്റസിനെ കടന്നുപിടിച്ച യുവാവിന് തടവുശിക്ഷ

സിംഗപ്പൂര്‍: വിമാനത്തില്‍ എയര്‍ ഹോസ്റ്റസിനെ കടന്നുപിടിച്ച ഇന്ത്യക്കാരനായ യുവാവിനെ സിംഗപ്പൂര്‍ കോടതി മൂന്നാഴ്ചത്തെ തടവിനു ശിക്ഷിച്ചു.നിരഞ്ജന്‍ ജയന്ത് (34) എന്നയാളെയാണ് ശിക്ഷിച്ചത്. സിഡ്‌നിയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രക്കിടെ എയര്‍ ഹോസ്റ്റസിനോട് മൊബൈല്‍ നമ്പര്‍ ചോദിച്ച യുവാവ് പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ശരീരത്തില്‍ സ്പര്‍ശിക്കുകയായിരുന്നു. ഇതിനു ശേഷവും പല തവണ ഫോണ്‍ നമ്പര്‍ ചോദിച്ച് ശല്യപ്പെടുത്തി. വിമാനം നിലത്തിറങ്ങുന്നതിനു മിനുട്ടുകള്‍ക്കു മുമ്പ് എയര്‍ ഹോസ്റ്റസിനെ കയറിപ്പിടിക്കുകയും ചെയ്തു. പരിഭ്രാന്തയായ എയര്‍ ഹോസ്റ്റസ് സഹപ്രവര്‍ത്തകരെ വിവരമറിയിക്കുകയും ഷാങ്വി വിമാനത്താവളത്തിലെ പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.

എല്ലാവര്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു.


ന്യൂഡല്‍ഹി: നികുതി ഒഴിവാക്കുന്നത് തടയാനായി പ്രതിവര്‍ഷം രണ്ടര ലക്ഷത്തില്‍ക്കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന എല്ലാവര്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ഡിസംബര്‍ അഞ്ചുമുതലാണ് ഇത് ബാധകമാകുക. സാമ്പത്തിക വര്‍ഷം 2.5 ലക്ഷം രൂപയുടെ ഇടപാടുനടത്തുന്നവരെല്ലാം 2019 മെയ് 31നകം പാന്‍കാര്‍ഡിന് അപേക്ഷിച്ചിരിക്കണം. ഇതുപ്രകാരം, കമ്പനികളുടെ മാനേജിങ് ഡയറക്ടര്‍, ഡയറക്ടര്‍, പാര്‍ട്ണര്‍, ട്രസ്റ്റി, എഴുത്തുകാരന്‍, ഓഫീസ് ജീവനക്കാരന്‍ എന്നിവരെല്ലാം പാന്‍കാര്‍ഡ് എടുക്കേണ്ടിവരും.

ബാലഭാസ്കറിന്റെയും മകളുടെയും അപകടമരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം


തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകളുടെയും അപകടമരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ അച്ഛൻ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ നിലനിൽക്കുന്നതിനാലാണ് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. അപകടത്തിൽനിന്ന് രക്ഷപ്പെട്ട ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവർ അർജുനും പോലീസിന് വ്യത്യസ്തമായ മൊഴികളാണ് നൽകിയിരുന്നത്. അതിനാൽ അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ആരായിരുന്നുവെന്നത് സംബന്ധിച്ച് ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല. ഈ സാഹചര്യവും മൊഴികളിലെ വൈരുദ്ധ്യവുമാണ് ബാലഭാസ്കറിന്റെയും മകളുടെയും അപകടമരണത്തിൽ ദുരൂഹതയ്ക്ക് കാരണമായത്. പാലക്കാട് പൂന്തോട്ടം ആശുപത്രിയുമായി ബാലഭാസ്ക്കറിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും ഇതിനെക്കുറിച്ചും തൃശ്ശൂരിലായിരുന്ന ബാലഭാസ്ക്കർ തിരുവനന്തപുരത്തേക്ക് പെട്ടന്ന് വന്നത് എന്തിനെന്ന് അന്വേഷിക്കണമെന്നുമാണ് ബാലഭാസ്ക്കറിന്റെ അച്ഛൻ ഉണ്ണി നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 

Thursday, November 22, 2018

ബന്ധുനിയമന വിവാദത്തില്‍ വിശദീകരണം നല്‍കാന്‍ സി.പി.എം മലപ്പുറത്ത് സംഘടിപ്പിച്ച പൊതുയോഗത്തില്‍ മന്ത്രി കെ.ടി ജലീല്‍ നടത്തിയ പരാമര്‍ശത്തിനെതിരെ സമസ്ത രംഗത്ത്.
തങ്ങളായി പാണക്കാട് ഹൈദരലി തങ്ങളും മുസ്‍ല്യാരായി ആലിക്കുട്ടി മുസ്‍ലിയാരും നേതാവായി കുഞ്ഞാലിക്കുട്ടിയും മാത്രം മതി എന്നാണ് ലീഗിന്റെ നിലപാടെന്നാണ് ജലീല്‍ പ്രസംഗിച്ചത്. സമസ്തയുടെ ജനറല്‍ സെക്രട്ടറിയായ ആലിക്കുട്ടി മുസ്‍ലിയാരുടെ പേര് രാഷ്ട്രീയ വേദിയില്‍ അനാവശ്യമായി വലിച്ചിഴച്ചതില്‍ സമസ്തക്ക് കടുത്ത അതൃപ്തിയുണ്ട്.
ഇക്കാര്യം പരാമര്‍ശിക്കുന്ന എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂരിന്റെ ഫേസ്ബുക്ക് പൊസ്റ്റില്‍ മന്ത്രി ജലീലിനെ വിമര്‍ശിക്കുന്നതിനൊപ്പം സി.പി.എമ്മിന് മുന്നറിയിപ്പും നല്‍കുന്നുണ്ട്. ബന്ധു നിമയന വിവാദത്തില്‍ വലിയ കാര്യമുണ്ടെന്ന് തങ്ങള്‍ കരുതുന്നില്ലെന്ന് പറഞ്ഞാണ് പോസ്റ്റ് 
തിരുവനന്തപുരം: ഹൈക്കോടതി അയോഗ്യത കൽപ്പിച്ച കെ.എം. ഷാജി എം.എൽ.എയെ നിയമസഭയിൽ പ്രവേശിപ്പിക്കില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ഷാജിക്ക് സഭാനടപടികളിൽ പങ്കെടുക്കാമെന്ന് സുപ്രീംകോടതി പരാമർശിച്ചിരുന്നുവെങ്കിലും കോടതിയുടെ വാക്കാലുള്ള പരാമർശം നടപ്പാക്കാനുള്ള ബാധ്യതയില്ലെന്നാണ് സ്പീക്കറുടെ നിലപാട്. ഇതോടെ 27 മുതൽ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ കെ.എം. ഷാജിക്ക് സാധിക്കില്ല എന്ന് ഉറപ്പായി. നേരത്തെ നിയമസഭാംഗത്വം റദ്ദാക്കിയ കെ.എം. ഷാജിയെ ആറുവർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു.

Wednesday, November 21, 2018


കെ.എം ഷാജി എം.എല്‍.എയ്ക്ക് നിയമസഭാ നടപടികളില്‍ സംബന്ധിക്കാമെന്ന് സുപ്രിംകോടതി. എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാവില്ലെന്നും കോടതി പറഞ്ഞു.
വാക്കാലുള്ള നിരീക്ഷണങ്ങള്‍ മാത്രമാണ് നടത്തിയത്. ഇതുസംബന്ധിച്ച് ഉത്തരവൊന്നും ഇറക്കിയിട്ടില്ല.
ഹരജി അടിയന്തരമായി പരിഗണിച്ച് പരിഹാരം കാണണമെന്നാണ് ഷാജിയുടെ അഭിഭാഷകന്‍ ഇന്നു രാവിലെ ആവശ്യപ്പെട്ടത്. എന്നാല്‍ അടിയന്തരമായി കേസ് പരിഗണിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. കേസ് എന്നാണ് പരിഗണിക്കുകയെന്നും വ്യക്തമാക്കിയിട്ടില്ല.
എം.പി എം.ഐ ഷാനവാസിന്റെ മൃതദേഹം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ കബറടക്കി. 


കൊച്ചി: വയനാട് എം.പി എം.ഐ ഷാനവാസിന്റെ മൃതദേഹം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ കബറടക്കി. ഇന്നു രാവിലെ 10.30 യോടെ കലൂര്‍ തോട്ടത്തുംപടി മുസ്ലിം ജമാഅത്ത് പള്ളി കബര്‍സ്ഥാനിലായിരുന്നു കബറടക്കം.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നിലവില്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമായ എം.ഐ ഷാനവാസിന്റെ കബറടക്കത്തില്‍ പ്രതിപക്ഷ നേതാവടക്കം നിരവധി പ്രമുഖ നേതാക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുത്തു.
ഇന്ന് ഹര്‍ത്താല്‍. ശുചിമുറി മാലിന്യം അഴുക്ക് ചാലിലേക്ക് ഒഴുക്കി വിട്ടു എന്നാരോപിച്ച് മുനിസിപ്പാലിറ്റി ചില ഹോട്ടലുകള്‍ സീല്‍ ചെയ്തതില്‍ പ്രതിഷേധിച്ച് കോഴിക്കോടാണ് വടകരയില്‍ വ്യാപാരികളുടെ ഹര്‍ത്താല്‍ തുടങ്ങിയത്. അതേസമയം, മുക്കം സര്‍വീസ് സഹകരണ ബാങ്കിലെ യുഡിഎഫ് ഭരണസമിതിയെ അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്നാരോപിച്ച് മുക്കത്ത് യുഡിഎഫ് ഹര്‍ത്താലും തുടങ്ങി.
വടകരയില്‍ രാവിലെ ആറ് മണി മുതലാണ് ഹര്‍ത്താല്‍ ആരംഭിച്ചിരിക്കുന്നത്. കടകള്‍ എല്ലാം അടച്ചുകിടക്കുന്നു. 
കൊച്ചി: ഹൈക്കോടതിയിലെ ജുഡീഷ്യല്‍ രജിസ്ട്രാര്‍ ജയശ്രീ വൈഭവ് ജയപ്രകാശിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ എളമക്കരയിലെ വീടിനുള്ളിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജയശ്രീയുടെ ഭര്‍ത്താവാണ് മൃതദേഹം ആദ്യം കണ്ടത്.
പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. സംഭവത്തില്‍ ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നുമാണ് പ്രാഥമിക നിഗമനം.
കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞെന്ന വാർത്ത തെറ്റാണെന്ന് കോട്ടയം എസ്.പി. ഹരിശങ്കർ. മന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന വൈകിവന്ന മറ്റൊരു വാഹനമാണ് തടഞ്ഞതെന്നും, മന്ത്രിക്ക് മാപ്പെഴുതി നൽകിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. എസ്.പി. ഹരിശങ്കറിന്റെ വാക്കുകൾ: - മന്ത്രിക്ക് മാപ്പ് എഴുതിനൽകിയെന്നത് തെറ്റാണ്. അങ്ങനെയൊരു രീതി പോലീസിനില്ല. വാഹനം പരിശോധിച്ചാൽ ചെക്ക് റിപ്പോർട്ട് നൽകാറുണ്ട്. ഇതാണ് മന്ത്രിക്കും നൽകിയത്. വാഹനം പരിശോധിച്ചെന്നും, വാഹനത്തിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്നുമാണ് ചെക്ക് റിപ്പോർട്ടിൽ എഴുതിനൽകിയിട്ടുള്ളത്. ഇത് പോലീസിന്റെ രീതിയാണ്. പമ്പയിൽ നടന്നത് സാധാരണ പരിശോധനയാണ്. അർധരാത്രിയിൽ ചെറുപ്പക്കാർ മാത്രം സഞ്ചരിക്കുന്ന വാഹനം കണ്ടാൽ സാധാരണഗതിയിൽ പരിശോധിക്കും. അതുതന്നെയാണ് പുലർച്ചെ രണ്ടുമണിയോടെ ഉണ്ടായതും. ഇത്തരത്തിലുള്ള വാഹനങ്ങൾ കണ്ടാൽ പരിശോധിക്കേണ്ടത് പോലീസിന്റെ ഡ്യൂട്ടിയാണ്. അത് അവർ ചെയ്യേണ്ടതുണ്ട്. ഇതിനെതുടർന്ന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ അത് പോലീസിന്റെ ഡ്യൂട്ടിയുടെ ഭാഗമായിട്ടാണെന്നും അല്ലാതെ മന:പ്പൂർവ്വമല്ലെന്നും ചെക്ക് റിപ്പോർട്ട് നൽകുമെന്നും മന്ത്രിയോട് നേരിട്ടുപറഞ്ഞു. 
കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ ബസിറങ്ങി പോകുന്ന ആളുടെ പേഴ്‌സ് ഭീഷണിപ്പെടുത്തി തട്ടിയെടുത്ത് 4000 രൂപയോളം കവർന്ന യുവാവിനെ ടൗൺ എസ്.ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തു. പറശ്ശിനി കുഴിച്ചാൽ കണ്ഠൻ ഹൗസിൽ ബാലകൃഷ്ണന്റെ മകൻ കെ. ബൈജു (34) ആണ് പിടിയിലായത്. മയ്യിൽ പാവന്നൂർ മൊട്ട നാരായണൻ കോഴിക്കോടുള്ള ഭാര്യ വീട്ടിൽ നിന്നും രാത്രി പത്തരയോടെ കണ്ണൂർ ബസ് സ്റ്റാൻഡിൽ ബസിറങ്ങി പോകുമ്പോൾ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി പേഴ്‌സ് പിടിച്ചുപറിക്കുകയും അതിലുള്ള തുക തട്ടി എടുക്കുകയായിരുന്നു. നാരായണന്റെ പരാതി ലഭിച്ച പോലീസ് ബുധനാഴ്ച രാവിലെ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഇയാൾക്ക് മുൻപു ടൗൺ പോലീസ് താക്കീത്  നൽകി വിട്ടയച്ചിരുന്നു. 
മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന് ഡിലിറ്റ് ബിരുദം നൽകാൻ തീരുമാനിച്ച് രാജസ്ഥാനിലെ ശ്രീജഗദീഷ്പ്രസാദ് ജബര്‍മല്‍ തിബ്രേവാല സര്‍വ്വകലാശാല. ഗവര്‍ണറുടെ വസതിയില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.സര്‍വ്വകലാശാല ക്യാമ്പസില്‍ ഫെബ്രുവരിയില്‍ ബിരുദദാന ചടങ്ങ് നടക്കും.
വിവിധ മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ചാണ് ഡിലിറ്റ് നല്‍കുന്നതെന്നും സാമൂഹ്യ, സാംസ്‌കാരിക, ആധ്യാത്മിക, രംഗങ്ങളിൽ നല്‍കിയ വിവിധ സേവനങ്ങള്‍, മാധ്യമ മേഖലയില്‍ അടക്കം നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നിവ കണക്കിലെടുത്താണ് ബിരുദദാനമെന്നും സര്‍വ്വകലാശാലയുടെ മേല്‍നോട്ടം വഹിക്കുന്ന രാജസ്ഥാനി സേവാ സംഘിന്‍റെ ചെയര്‍പേഴ്‌സണ്‍ ഡോ. വിനോദ് തിബ്രേവാല അറിയിച്ചു.

കൊച്ചി: അന്തരിച്ച കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ എം.ഐ ഷാനവാസിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. വൈകീട്ട് നാലു മുതൽ എട്ടുമണി വരെ എറണാകുളം ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും.വ്യാഴാഴ്ച രാവിലെ മൃതദേഹം കബറടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ എ.കെ. ആന്റണി, കെ.സി വേണുഗോപാൽ തുടങ്ങിയ നേതാക്കൾ കൊച്ചിയിലെത്തിയിട്ടുണ്ട്. 

എസ്പിക്ക് കറുത്ത നിറമുള്ള ആളുകളോട് അവജ്ഞ : എഎന്‍ രാധാക്യഷ്ണന്‍.



പമ്പ: നിലക്കലില്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാക്യഷ്ണനോട് അപമര്യാദയായി പെരുമാറിയ എസ്പി യതീഷ് ചന്ദ്രയെ സസ്‌പെന്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാക്യഷ്ണന്‍.
എസ്പിക്ക് കറുത്ത നിറമുള്ള ആളുകളോട് അവജ്ഞയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ നിലക്കലെത്തിയപ്പോള്‍ എസ് പി ഓച്ഛാനിച്ച് നില്‍ക്കുകയായിരുന്നു. എസ്പിയെ പിണറായിയുടെ പ്രേതം പിടികൂടിയിരിക്കുകയാണെന്നും രാധാക്യഷ്ണന്‍ ആരോപിച്ചു. മന്ത്രിയെ എസ്പി നിങ്ങള്‍ എന്നാണ് വിളിച്ചത്. മാന്യമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തനിക്കെതിരെ തിരിഞ്ഞു. എസ്പിയുടെ മോശം പെരുമാറ്റത്തിനെതിരെ ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കുമെന്നും രാധാക്യഷ്ണന്‍ പറഞ്ഞു. കേന്ദ്രമന്ത്രിക്കൊപ്പം നിലക്കലില്‍ എത്തിയതായിരുന്നു രാധാക്യഷ്ണന്‍

Tuesday, November 20, 2018

കൊച്ചി: ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ സംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. പമ്പയിലും സന്നിധാനത്തും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതിനെതിരെയും വിശ്വാസികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെയും സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലാണ് കോടതിയുടെ ആവശ്യം.
നിരോധനാജ്ഞ ആരെയൊക്കെ ബാധിക്കുമെന്ന കാര്യത്തില്‍ വിശദീകരണം നല്‍കാനാണ് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമലയിലെത്തുന്ന വിശ്വാസികളെയും പ്രതിഷേധക്കാരെയും എങ്ങനെ തിരിച്ചറിയുമെന്നും കോടതി ചോദിച്ചു.
കെ.സുരേന്ദ്രന് ജാമ്യം ലഭിച്ചാലും ഇന്ന് പുറത്തിറങ്ങാനാവില്ല.


കണ്ണൂർ : ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യം ലഭിച്ചാലും ഇന്ന് പുറത്തിറങ്ങാനാവില്ല. രണ്ട് ദിവസം മുൻപാണ് ശബരിമല ദർശനത്തിനിടെ സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ജാമ്യം ലഭിച്ചാലും ഇന്ന് അദ്ദേഹത്തിന് പുറത്തിറങ്ങാനാവില്ലെന്നാണ് വിവരം. കണ്ണൂരില്‍ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കോടതി അറസ്റ്റ് വാറണ്ട് അയച്ചതിനെ തുടര്‍ന്നാണിത്. സുരേന്ദ്രനെ ഹാജരാക്കാനുള്ള വാറണ്ട് കൊട്ടാരക്കര ജയില്‍ സൂപ്രണ്ടിന് കൈമാറി.
സുരേന്ദ്രനുമായി കണ്ണൂരിലേക്കുള്ള യാത്രയ്ക്ക് പൊലീസ് സുരക്ഷയ്ക്ക് സൂപ്രണ്ട് അപേക്ഷ നല്‍കി. കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥര്‍ ഇന്ന് കണ്ണൂര്‍ കോടതിയില്‍ ഹാജരായി വിവരമറിയിക്കും. 
News 24x7
ആദ്യ ആർത്തവകാലത്ത് ആചാരത്തിന്റെ പേരിൽ വീട്ടിൽ നിന്നും മാറ്റിപ്പാർപ്പിച്ച ബാലിക ഗജ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ചു. തഞ്ചാവൂർ ജില്ലയിലെ പട്ടുകോട്ട, അനൈയ്ക്കാട് ഗ്രാമത്തിലെ പന്ത്രണ്ടുകാരി എസ്.വിജയയാണ് ചുഴലിക്കാറ്റിൽ തെങ്ങുവീണ് മരിച്ചത്. ആചാരത്തിന്റെ ഭാഗമായി വീടിന് പുറകുവശത്തുള്ള ഓലമേഞ്ഞ പത്തായപ്പുരയിലാണ് വിജയയെ താമസിപ്പിച്ചിരുന്നത്. ഗജ വീശിയടിച്ചപ്പോൾ ഇതിന് സമീപമുണ്ടായിരുന്ന ഒരു തെങ്ങ് കടപുഴകി ഓലപ്പുരക്ക് മുകളിൽ വീഴുകയായിരുന്നു. അപകടത്തിൽ വിജയയുടെ ഒപ്പം കിടന്നുറങ്ങിയിരുന്ന അമ്മക്ക് പരിക്കേറ്റു. ഇവർ പട്ടുകോട്ടയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്നും ഓലപ്പുരയിൽ കഴിയുന്നവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും നിർദേശമുണ്ടായിരുന്നുവെങ്കിലും ആചാരലംഘനമാകുമെന്ന് കരുതി കുട്ടിയെ ഓലപ്പുരയിൽ നിന്ന് മാറ്റിപ്പാർപ്പിക്കാൻ കുടുംബം തയ്യാറായില്ല. ആദ്യ ആർത്തവകാലത്ത് പെൺകുട്ടികളെ വീട്ടിൽ നിന്നും മാറ്റിപ്പാർപ്പിക്കുന്ന ആചാരം സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഇന്നുമുണ്ട്. 
കരിപ്പൂര്‍ വിമാനത്താവളത്തിലെ സിഐഎസ്എഫ് സബ് ഇന്‍സ്‌പെക്ടറുടെ താമസസ്ഥലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.


കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ സിഐഎസ്എഫ് സബ് ഇന്‍സ്‌പെക്ടറുടെ താമസസ്ഥലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശിയായ വിശ്വജിത്ത് സിംഗിന്റെ താമസസ്ഥലത്താണ് ബീഹാര്‍ സ്വദേശി നിഷ(28)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉണ്യാലിലെ സ്വകാര്യ ലോഡ്ജിലാണ് വിശ്വജിത്ത് സിംഗ് താമസിക്കുന്നത്.
അവധി കഴിഞ്ഞ സ്വദേശത്തുനിന്നും ഭാര്യയുമായി തിങ്കളാഴ്ച ലോഡ്ജിലെത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഒരു വര്‍ഷത്തോളമായി നിഷ തന്റെയൊപ്പമാണ് താമസിക്കുന്നതെന്ന് വിശ്വജിത്ത് സിംഗ് പോലീസിനോട് പറഞ്ഞു. യുവതിയുടെ ഇരു കൈകളിലേയും ഞരമ്പുകള്‍ മുറിച്ച നിലയിലായിരുന്നു. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ട്. പോലീസ് അന്വേഷണം നടത്തിവരികയാണ്.
മകളെ പീഡിപ്പിച്ച കേസിന് ജയില്‍വാസം അനുഭവിക്കുന്ന പ്രതി സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി.

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിന് ജയില്‍വാസം അനുഭവിക്കുന്ന പ്രതി സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി. കുമളി ഡൈമുക്ക് സ്വദേശി ചുരളിയാണ് ജനനേന്ദ്രിയം മുറിച്ച് കളഞ്ഞത്. സംഭവം കണ്ട ഉടനെ തന്നെ ജയില്‍ അധികൃതര്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. ചൊവ്വാഴ്ച രാവിലെയാണ് പീരുമേട് സബ് ജയിലില്‍ ഞെട്ടിക്കുന്ന സംഭവം നടന്നത്. സഹതടവുകാരോടൊപ്പം കഴിഞ്ഞിരുന്ന പ്രതിക്ക് ജയിലില്‍ നിന്ന് ഷേവ് ചെയ്യാന്‍ രാവിലെ ബ്ലേഡ് നല്‍കിയിരുന്നു. ഈ ബ്ലേഡ് ഉപയോഗിച്ചാണ് ഇയാള്‍ ജനനേന്ദ്രിയം മുറിച്ച് കളഞ്ഞത്. ഇയാളുടെ കരച്ചില്‍ കേട്ട് സഹതടവുകാര്‍ ബഹളം വെച്ചതോടെയാണ് അധികൃതര്‍ ഓടിയെത്തിയത്. തുടര്‍ന്ന് ഇയാളെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്കും അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും എത്തിക്കുകയായിരുന്നു.

സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്.

കോഴിക്കോട്: കുറ്റ്യാടി നെട്ടൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്. വില്ലങ്ങോട് ബ്രാഞ്ച് സെക്രട്ടറി ഗിരീഷിന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. അക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. ചൊവ്വാഴ്ച്ച പാതിരാത്രിയോടെയാണ് ഗിരീഷിന്റ വീടിന് നേരെ ബോംബേറുണ്ടായത്. വിടിന്റെ മുൻഭാഗത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ജനൽച്ചില്ലുകൾ തകർന്നുവീണു. ഉഗ്രശബ്ദത്തോടെയാണ് സ്ഫോടനമുണ്ടായത്. 
പോത്തിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ബസ് നിയന്ത്രണം വിട്ട് നദിയിലേക്ക് മറിഞ്ഞു. അപകടത്തില്‍ 12 പേര്‍ മരിച്ചു.


കട്ടക്ക്: പോത്തിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ബസ് നിയന്ത്രണം വിട്ട് നദിയിലേക്ക് മറിഞ്ഞു 12 പേര്‍ മരിച്ചു. 49 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഓടിക്കൊണ്ടിരുന്ന ബസ്സിന് മുന്നിലേക്ക് വന്ന പോത്തിനെ ഇടിക്കാതിരിക്കാന്‍ ശ്രമിച്ചപ്പോഴാണ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്.
ഒഡീഷയിലെ കട്ടക്കില്‍ നിന്ന് താല്‍ചറിലേക്ക് പോകുകയായിരുന്ന സ്വകാര്യബസാണ് അപകടത്തില്‍ പെട്ടത്.
ചക്കരക്കല്ലിലെ വിവാദമായ മാലമോഷണക്കേസിൽ യഥാർഥ പ്രതി പിടിയിൽ.

കണ്ണൂർ: ചക്കരക്കല്ലിലെ വിവാദമായ മാലമോഷണക്കേസിൽ യഥാർഥ പ്രതി പിടിയിലായി. മാഹി അഴിയൂർ സ്വദേശി ശരത്തിനെ (45) കഴിഞ്ഞ ദിവസം കണ്ണൂർ ഡിവൈ.എസ്.പി. പി.പി.സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്. ചക്കരക്കല്ലിലെ വീട്ടമ്മയായ രാഖിയുടെ സ്വർണമാല മോഷ്ടിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. സി.സി.ടി.വി. ദൃശ്യത്തിലെ സാമ്യത കാരണം ഈ കേസിൽ ആളുമാറി കതിരൂർ പുല്യോട് സ്വദേശിയും പ്രവാസിയുമായ താജുദ്ദീനെ ചക്കരക്കൽ എസ്.ഐ. ബിജു അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ 54 ദിവസം റിമാൻഡിലുമായി. താൻ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടി താജുദ്ദീൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. സംഭവം വിവാദമായതോടെ പോലീസിനെതിരേ പ്രതിഷേധവും ഉയർന്നു. തുടർന്നുള്ള അന്വേഷണത്തിൽ താജുദ്ദീൻ നിരപരാധിയാണെന്ന് പോലീസിന് ബോധ്യപ്പെട്ടു. ഇതേത്തുടർന്ന് ചക്കരക്കൽ എസ്.ഐ. ബിജുവിനെ കണ്ണൂർ ട്രാഫിക്കിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. കണ്ണൂർ ഡിവൈ.എസ്.പി. പി.പി. സദാനന്ദനായിരുന്നു കേസിന്റെ ചുമതല. ഒരു ഓൺലൈൻ തട്ടിപ്പ് കേസിൽ പ്രതിയായി കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു ഇപ്പോൾ കസ്റ്റഡിയിലായ അഴിയൂർ സ്വദേശി ശരത്. 

Kannur News

പ്രതിദിന നറുക്കെടുപ്പ് വിജയികൾ

കേരള സർക്കാർ കൈത്തറി & ടെക്‌സ്റ്റൈൽസ് വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം കണ്ണൂർ, കൈത്തറി വികസന സമിതി കണ്ണൂർ എന്നിവ കണ്ണൂർ പൊലീസ് മൈതാനിയി...