Thursday, December 27, 2018

പ്രതിദിന നറുക്കെടുപ്പ് വിജയികൾ

കേരള സർക്കാർ കൈത്തറി & ടെക്‌സ്റ്റൈൽസ് വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം കണ്ണൂർ, കൈത്തറി വികസന സമിതി കണ്ണൂർ എന്നിവ കണ്ണൂർ പൊലീസ് മൈതാനിയിൽ സംഘടിപ്പിക്കുന്ന കൈത്തറി പ്രദർശന വിപണന മേളയിലെ ഡിസംബർ 25 ലെ വിജയികൾ.  കൂപ്പൺ നമ്പർ, പേര്, വിലാസം എന്ന ക്രമത്തിൽ.  23368 - ഷുക്കൂർ വി വി, ചക്കരക്കൽ, 23369 - ഷുക്കൂർ വി വി, ചക്കരക്കൽ, 23177 - ഉണ്ണി, മൊട്ടമ്മൽ.
ഡിസംബർ 26 ലെ വിജയികൾ.  കൂപ്പൺ നമ്പർ, പേര്, വിലാസം എന്ന ക്രമത്തിൽ. 23708 - ഹാഷിമ, ചാലാട്, 22980 - മുഹമ്മദ്, വാരം, 23390 - റീത്ത, അലവിൽ.  വിജയികൾ ഡിസംബർ 31 ന് മുമ്പ് സമ്മാനങ്ങൾ കൈത്തറി വസ്ത്ര പ്രദർശന വിപണന മേള പവലിയനിയനിൽ നിന്നു#് കൈപ്പറ്റേണ്ടതാണ്.

അയ്യപ്പജ്യോതിയില്‍ പങ്കെടുത്തുവെന്ന വ്യാജപ്രചരണം : പരാതിയുമായി ഋഷിരാജ് സിങ്


തിരുവനന്തപുരം:വനിതാമതിലിനെ പ്രതിരോധിച്ചുകൊണ്ട് ബിജെപിയും ശബരിമല കര്‍മസമിതിയും അടങ്ങുന്ന സന്നദ്ധ സംഘടനകൾ സംഘടിപ്പിച്ച അയ്യപ്പജ്യോതിയോട് ഐക്യദാർഢ്യവുമായി സെൻകുമാർ അടക്കമുള്ള പ്രമുഖർ മുന്നോട്ടു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് അയ്യപ്പജ്യോതിയില്‍ എക്‌സൈസ് കമീഷണര്‍ ഋഷിരാജ് സിങ് പങ്കെടുത്തുവെന്നുള്ള വ്യാജവാർത്തകൾ സോഷ്യൽ മീഡിയകൾ വഴി വ്യാപിക്കാൻ തുടങ്ങിയത്.

Wednesday, December 26, 2018

മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങളൊരുങ്ങുന്നു


ജില്ലയിലെ 11 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഇതിനകം കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞതായും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 41 പിഎച്ച്‌സികളെ കൂടി എഫ്എച്ച്‌സികളാക്കി ഉയര്‍ത്തുമെന്നും ആരോഗ്യ-വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. മാങ്ങാട്ടുപറമ്പ് ഇ കെ നായനാര്‍ സ്മാരക ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ വിവിധ നിര്‍മാണ പ്രവൃത്തികളുടെ ഉദ്ഘാടനം  നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 
താലൂക്ക് ആശുപത്രികള്‍ നവീകരണത്തിന്റെ പാതയിലാണ്. ജില്ലാ ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റിയാക്കി മാറ്റുന്നതിനുള്ള 76 കോടിയുടെ മാസ്റ്റര്‍പ്ലാന്‍ പ്രകാരമുള്ള പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഉണ്ടാക്കാനാണ്  സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ വൈകല്യങ്ങള്‍ കണ്ടെത്തുന്നതിന് മൂന്ന് കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ജില്ലാ ഏര്‍ളി ഡിറ്റക്ഷന്‍ സെന്റര്‍, മൂന്ന് നിലകളിലായി നിര്‍മ്മിക്കുന്ന പേവാര്‍ഡ്, 74.85 ലക്ഷം രൂപ ചെലവില്‍ രണ്ട് നിലകളിലായി പണിയുന്ന വന്ധ്യതാ ചികിത്സാകേന്ദ്രം, 1.3 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന അത്യാധുനിക സംവിധാനങ്ങളോടെയുള്ള ലേബര്‍ റൂം തുടങ്ങിയ പദ്ധതികളുടെ  നിര്‍മ്മാണോദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. ജില്ലയിലെ വിവിധ ആശുപത്രികളിലെ കാരുണ്യ ഫാര്‍മസിയ്ക്ക് വേണ്ട മരുന്നുകള്‍ ശേഖരിക്കുന്നതിനായി നിര്‍മ്മിച്ച ഡിപ്പോയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. 
ഭിന്നശേഷിക്കാരായി ജനിക്കുന്ന കുട്ടികളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. വൈകല്യങ്ങള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്താനായാല്‍ 50 ശതമാനത്തോളം ഭിന്നശേഷി പരിഹരിക്കാന്‍ കഴിയും. കണ്ടെത്താന്‍ വൈകുമ്പോഴാണ് ചികില്‍സ പ്രയാസകരമാവുന്നതെന്നും മന്ത്രി പറഞ്ഞു.
നേരത്തെ സുനാമി റിഹാബിലിറ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.4 കോടി രൂപ വിനിയോഗിച്ച് 100 കിടക്കകളുള്ള കെട്ടിടം ആശുപത്രിയില്‍ നിര്‍മ്മിച്ചിരുന്നു. 3.29 ലക്ഷം രൂപ ചെലവഴിച്ചുള്ള ക്യാന്റീന്‍, ഡോക്ടര്‍മാരുടെ ക്വാര്‍ട്ടേഴ്സ്, കോണ്‍ഫറന്‍സ് ഹാള്‍, ഡോര്‍മെട്രി, 43 ലക്ഷം രൂപ വിനിയോഗിച്ച് രണ്ട് ലിഫ്റ്റ്, ട്രീറ്റ്മെന്റ് പ്ലാന്റ്, മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറിയുടെ നവീകരണം, ജനറേറ്റര്‍ കണക്ഷന്‍ എക്സ്റ്റന്‍ഷന്‍ തുടങ്ങിയവയും ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 
ചടങ്ങില്‍ ജയിംസ് മാത്യു എംഎല്‍എ അധ്യക്ഷത വഹിച്ചു. പി കെ ശ്രീമതി ടീച്ചര്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമള, ഡെപ്യൂട്ടി ഡിഎംഒ ഡോ. എം കെ ഷാജ്, ഡോ. എസ് ആര്‍ ദിലീപ് കുമാര്‍, ഡോ. മുഹമ്മദ് അഷീല്‍, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


കണ്ണൂർ സിറ്റി: കണ്ണൂർ സിറ്റി വാഴക്കാതെരു മഫിദാസിൽ മുഹമ്മദ് അലി (67) നിര്യാതനായി. ഭാര്യ : കെ.വി റാബിയ. മക്കൾ : ഫാസിൽ, മഫീദ, ആഷിഫ്, നഹീം. ജാമാതാക്കൾ : സുറുമി, പരേതനായ അൻവർ. സഹോദരി : സൈനബ.

ചരമം.


കണ്ണൂർ സിറ്റി: താണ മുഴത്തടം ഉസവത്തിൽ താമസിക്കുന്ന എ. അബ്ദുസ്സലാം (65) നിര്യാതനായി.  ഭാര്യ :  പി.വി ഉസ്വത്തുന്നിസ.
മക്കൾ : മുഹമ്മദ് സാജിർ, മുഹമ്മദ് ശബീർ, ശഹീന. ജാമാതാവ് : ഒ. കെ മുഹമ്മദ് ഹഫീസ്.

Tuesday, December 25, 2018

ഡിസംബര്‍ 28 ന് കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും. 

ഡിസംബര്‍ 28 ന് കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും.  പുതിയ റേഷന്‍ കാര്‍ഡിനായി മാടായി പഞ്ചായത്ത്  ഓഫീസില്‍ നടന്ന ക്യാമ്പില്‍ അപേക്ഷ നല്‍കിയവര്‍ക്ക് (ഓണ്‍ ലൈന്‍/ അക്ഷയ അപേക്ഷകള്‍ ഒഴികെ) ഡിസംബര്‍ 28 ന് കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും.  ടോക്കണ്‍ നമ്പര്‍ 209 മുതല്‍ 325 വരെയുളള അപേക്ഷകര്‍ സപ്ലൈ  ഓഫീസില്‍ നിന്ന് ലഭിച്ചിട്ടുളള ടോക്കണും നിലവില്‍ പേരുകള്‍ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡുകളും, കാര്‍ഡുകളുടെ വിലയും സഹിതം രാവിലെ 10.30 നും  4 മണിക്കും ഇടയില്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരായി കാര്‍ഡ് കൈപ്പറ്റേണ്ടതാണെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

വയോധികയെ പീഡിപ്പിച്ച യുവാവിനെ എടക്കാട് പോലീസ് അറസ്റ്റ് ചെയ്തു.


കണ്ണൂർ : വയോധികയെ പീഡിപ്പിച്ച യുവാവിനെ എടക്കാട് പോലീസ് അറസ്റ്റ് ചെയ്തു. എടക്കാട് കൈരളി വായനശാലക്ക് സമീപം പൂവള്ളിയിൽ ഹൗസിൽ കണ്ണന്റെ മകൻ സി.പി വിജേഷ് (36) ആണ് എടക്കാട് എസ്.ഐ മഹേഷ് കണ്ടമ്പത്തിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് കേസിനാസ്പദമായ സംഭവം. എടക്കാട് ഒ.കെ.യു.പി സ്‌കൂളിന് സമീപത്ത് ഒറ്റക്ക് താമസിക്കുന്ന 80 കാരിയായ സ്ത്രീയെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു.
 - അബൂബക്കർ പുറത്തീൽ.
 -

ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ റോഡ് പാലം ‘ബോഗിബീല്‍’ നാടിന് സമര്‍പിച്ചു


ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ റോഡ് പാലം ‘ബോഗിബീല്‍’ നാടിന് സമര്‍പിച്ചു. അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാലം ഉദ്ഘാടനം ചെയ്തത്. മുകളില്‍ 3 വരി റോഡും താഴെ ഇരട്ട റെയില്‍പാതയുമാണുള്ളത്. അസമിലെ ദിബ്രുഗഡ് ജില്ലയെയും അരുണാചല്‍ പ്രദേശിലെ ധേമാജി ജില്ലയെയും ബന്ധിപ്പിക്കുന്ന പാലത്തിന് 4.94 കിലോമീറ്ററാണ് നീളം. ബ്രഹ്മപുത്ര നദിക്കു കുറുകെയാണ് പാലം നിര്‍മിച്ചിരിക്കുന്നത്.

Monday, December 24, 2018

മുഖ്യമന്ത്രി ക്രിസ്മസ് ആശംസകൾ നേർന്നു


എല്ലാ മലയാളികൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്മസ് ആശംസകൾ നേർന്നു. സാഹോദര്യത്തിന്റേയും  സ്‌നേഹത്തിന്റേയും സമത്വത്തിന്റെയും സന്ദേശമാണ് ക്രിസ്മസ് നൽകുന്നത്. വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും ശക്തികൾക്കു സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് ക്രിസ്തുവിന്റെ പിറവി തന്നെ. 
നിന്നെ പോലെ നിന്റെ അയൽക്കാരനേയും സ്‌നേഹിക്കണമെന്ന വചനം പ്രസക്തമാണെന്ന് നമ്മെ ഓർമ്മിപ്പിച്ച കാലം കൂടിയാണിത്.  പ്രതിസന്ധി ഘട്ടത്തിൽ സ്വന്തം വാതിലുകൾ അന്യനു വേണ്ടി തുറന്നിടാൻ മനസു കാണിച്ചവർ ക്രിസ്മസിന്റെ സന്ദേശം തന്നെയാണ് ഉൾക്കൊള്ളുന്നത്. കേരളീയർക്കിത് അതിജീവനത്തിന്റെ കാലം കൂടിയാണ്. പ്രതീക്ഷാനിർഭരമായ  നല്ല നാളെയിലേക്ക് ചുവടുവെക്കാൻ ക്രിസ്മസ്  നമുക്ക് കരുത്തേകുമെന്നും   മുഖ്യമന്ത്രി ആശംസാസന്ദേശത്തിൽ പറഞ്ഞു.

Sunday, December 23, 2018

യൂത്ത് ലീഗ് -പിഡിപി പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റ്മുട്ടി.


തിരുവനന്തപുരം: കഴക്കൂട്ടത്ത് യൂത്ത് ലീഗ് -പിഡിപി പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റ്മുട്ടി. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. യൂത്ത് ലീഗിന്റെ യുവജനയാത്രയുടെ പ്രചാരണ വാഹനവും പിഡിപിയുടെ ജാഥയുടെ വാഹനവും ഒരുമിച്ച് വന്നതാണ് അക്രമത്തില്‍ കലാശിച്ചത്.

വാക്ക്തര്‍ക്കത്തിലാരംഭിച്ച സംഘര്‍ഷം പിന്നീട് ഏറ്റ്മുട്ടലിലേക്ക് നീങ്ങുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയെങ്കിലും നടുറോഡില്‍ ഇരുവിഭാഗവും ഏറെനേരം ഏറ്റ്മുട്ടി. സംഘര്‍ഷത്തെത്തുടര്‍ന്ന് ഇവിടെ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

ബസ് 200 അടി താഴ്ച്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 8 കുട്ടികൾ ഉൾപ്പെടെ 10 പേർ മരിച്ചു.

അഹമ്മദാബാദ്: ബസ് 200 അടി താഴ്ച്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 8 കുട്ടികൾ ഉൾപ്പെടെ 10 പേർ മരിച്ചു. ഗുജറാത്ത് ഡാങ് ജില്ലയിലാണ് സംഭവം. ശനിയാഴ്ച്ച വൈകുന്നേരം 80 പേരുമായി സഞ്ചരിച്ച ബസ് മഹൽബാർഡിപ്പാട റോഡിലെ മലയിടുക്കിൽ വെച്ച് താഴേക്ക് പതിക്കുകയായിരുന്നു. അംറോലി ജില്ലക്കാരായ 10 നും 16 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളായിരുന്നു ബസ് യാത്രക്കാരിൽ ഭൂരിഭാഗം പേരും. സൂറത്തിലുള്ള ഒരു ട്യൂഷൻ ക്ലാസ് വിദ്യാർത്ഥികളാണിവർ. ട്യൂഷൻ ക്ലാസിൽ നിന്നും ഡാങ്ങിലെ ശബരിഡാമിലേക്ക് നടത്തിയ വിനോദയാത്രയിൽ പങ്കെടുത്ത് മടങ്ങും വഴിയാണ് അപകടം. ബസിന്റ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗനം. 

സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍റെ പേരില്‍ പുരസ്കാരം നല്‍കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി.


ന്യൂഡല്‍ഹി: സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍റെ പേരില്‍ പുരസ്കാരം ഏര്‍പ്പെടുത്തുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയോദ്ഗ്രഥന പുരസ്കാരം നല്‍കുമെന്നാണ് അദ്ദേഹം അറിയിച്ചത്. ദേശീയോദ്ഗ്രഥനത്തിന് മികച്ച സംഭവാനകള്‍ നല്‍കുന്നവര്‍ക്കായിരിക്കും ഈ പുരസ്കാരം നല്‍കുക.

ശബരിമല ദര്‍ശനത്തിന് സാധിക്കാതെ തിരിച്ചുപോയ മനിതി സംഘത്തിന്റെ വാഹനത്തിനു നേരെ ആക്രമണം.


മധുര: ശബരിമല ദര്‍ശനത്തിന് സാധിക്കാതെ തിരിച്ചുപോയ മനിതി സംഘത്തിന്റെ വാഹനത്തിനു നേരെ ആക്രമണം. തമിഴ്‌നാട്ടില്‍ വച്ചാണ് മനിതി സംഘം സഞ്ചരിച്ച വാനിന് നേരെ ആക്രമണമുണ്ടായത്.

തേനി, മധുര ദേശീയപാതയില്‍ വച്ചുണ്ടായ കല്ലേറില്‍ വാഹനത്തിന്റെ ചില്ല് തകര്‍ന്നു. 

ഇന്തോനേഷ്യയില്‍ ദുരിതം വിതച്ച്‌ വീണ്ടും സുനാമി; മരണം 222 ആയി


ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്രയിലും ജാവയിലും ശനിയാഴ്ച രാത്രിയുണ്ടായ സുനാമിയില്‍ 222 പേര്‍ മരിച്ചു. 843 ലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ ഉയരാനുള്ള സാധ്യത കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ക്രാക്കത്തോവ അഗ്നിപര്‍വത സ്‌ഫോടനമാണ് സുനാമിയുണ്ടാകാന്‍ കാരണമായത്.

Saturday, December 22, 2018

പമ്പയിൽനിന്ന് സന്നിധാനത്തേയ്ക്ക് തിരിച്ച മനിതി സംഘത്തിലെ സ്ത്രീകൾ പ്രതിഷേധത്തെ തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു


കട്ടപ്പന: പമ്പയിൽനിന്ന് സന്നിധാനത്തേയ്ക്ക് തിരിച്ച മനിതി സംഘത്തിലെ സ്ത്രീകൾ പ്രതിഷേധത്തെ തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ഇവർ മലചവിട്ടുന്നതിനെതിരെശരണംവിളിയുമായി ഒരു സംഘം പ്രതിഷേധക്കാരും വഴിയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നുണ്ട്. നേരത്തെപമ്പ ഗണപതി കോവിലിൽ കെട്ടുനിറയ്ക്കാൻ പൂജാരിമാർ വിസമ്മതിച്ചതിനെതുടർന്ന് ഇവർ സ്വയം കെട്ടുനിറച്ചാണ് സന്നിധാനത്തേയ്ക്ക് തിരിച്ചത്. പുലർച്ചെ മൂന്നുമണിയോടെയാണ് 11 പേരടങ്ങുന്ന സംഘം പമ്പയിൽ എത്തിയത്. 

കണ്ണൂർ സിറ്റി ജുമാ മസ്ജിദിന് സമീപം മാളിയേക്കൽ ഷാഹുൽ എന്ന ഷാഹു നിര്യാതനായി.


കണ്ണൂർ സിറ്റി: സിറ്റി ജുമാ മസ്ജിദിന് സമീപം മാളിയേക്കൽ ഷാഹുൽ  എന്ന ഷാഹു (38) നിര്യാതനായി.
മാളിയേക്കൽ സുബൈറിന്റെയും  സുബൈദയുടെയും മകനാണ്.
ഭാര്യ : ശബീന.
 മക്കൾ: ശാബ്ജാൻ,  സക്കിയ. സഹോദരങ്ങൾ : ഫിറോസ്, സൈഫത്ത്, അജി, കസർജി. ഖബറടക്കം ഞായറാഴ്ച രാവിലെ 7ന് സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന്‍ വിവാഹിതനായി.


പാലക്കാട്: പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന്‍ വിവാഹിതനായി. ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരിലായിരുന്നു ചടങ്ങുകള്‍. ലളിതമായ ചടങ്ങില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമായിരുന്നു വിവാഹം. ഗവേഷക വിദ്യാര്‍ത്ഥിനിയാണ് വധു.

ചരമം.

കണ്ണൂർ :  കാഞ്ഞിരോട്  പറവൂർ ആയിഷാസിൽ വെളിച്ചെണ്ണ പറമ്പ്  ആയിഷ സി പി (62) നിര്യാതയായി.  ഭർത്താവ് : പരേതനായ കുഞ്ഞിമുഹമ്മദ്.  മക്കൾ: സി പി ഷക്കീർ (പറവൂർ ശാഖാ മുസ്ലിം ലീഗ് സെക്രട്ടറി ), സി പി ഷാനവാസ് , സി പി ജംഷീർ (ഹരിത താരകം വാട്സ്‌അപ്പ് ഗ്രൂപ് മെമ്പർ ), പരേതയായ ഷാഹിദ ;
ജാമാതാക്കൾ : മൊയ്തീൻ കുട്ടി, സമീറ, മുംതാസ്, ഷംല. സഹോദരങ്ങൾ : ആസ്യ , അഷറഫ്, നസീമ, പരേതരായ കലന്തൻ, കുഞ്ഞാമിന.

ചരമം.


കണ്ണൂർ സിറ്റി: സിറ്റി കണ്ണൂക്കര മൂര്യന്റകത്ത് മുഹമ്മദ് നിയാസ് (36) നിര്യാതനായി. പരേതനായ വുഡ്ലാൻഡ് ഹുസൈൻ കുഞ്ഞിയുടെയും സഹീദയുടെയും മകനാണ്. 
ഭാര്യ:  സഫീദ. സഹോദരങ്ങൾ : നവാസ്, നജിനാസ്. 

യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യം നിറവേറ്റി പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നടപ്പാലം കിഴക്ക് ഭാഗത്തേക്ക് ദീർഘിപ്പിക്കുന്നു.

യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യം നിറവേറ്റി പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നടപ്പാലം കിഴക്ക് ഭാഗത്തേക്ക് ദീർഘിപ്പിക്കുന്നു. നടപ്പാലത്തിന്റെ നിർമ്മാണ പ്രവൃത്തി   സി കൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ അഡ്വ.ശശി വട്ടക്കൊവ്വൽ അധ്യക്ഷനായി. 
     പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ നീണ്ട കാലത്തെ ആവശ്യമായിരുന്നു നടപ്പാലം കിഴക്ക് ഭാഗത്തേക്ക് ദീർഘിപ്പിക്കണമെന്നുള്ളത്. നിലവിൽ കിഴക്ക് വശത്ത് നിന്ന് യാത്രക്കാർ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിൽ എത്തുന്നതിന് ട്രാക്ക് മുറിച്ച് കടന്നും ട്രെയിനുകൾക്കടിയിലൂടെയും അപകടകരമായ രീതിയിൽ സഞ്ചരിച്ചായിരുന്നു. ഏഴിമല നേവൽ അക്കാദമി, സി ആർ പി എഫ് ക്യാംപ് തുടങ്ങി നിരവധി സർക്കാർ, സർക്കാർ ഇതര, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ പയ്യന്നൂരിൽ സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടേക്കായി ദിവസേന ആയിരക്കണക്കിന് യാത്രക്കാരാണ് റെയിൽവേ സ്റ്റേഷനിൽ എത്തുന്നത്. നടപ്പാലം യാഥാർത്ഥ്യമാകുന്നതോടെ ഇവരടക്കമുള്ളവർ അനുഭവിക്കുന്ന യാത്രാക്ലേശത്തിന് പരിഹാരമാകും. 
     സി കൃഷ്ണൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടും പയ്യന്നൂർ നഗരസഭയുടെ പദ്ധതി വിഹിതവും ഉപയോഗിച്ചാണ് നടപ്പാലം നിർമ്മിക്കുന്നത്. 90 ലക്ഷം രൂപയാണ് പാലത്തിന്റെ നിർമ്മാണ ചെലവ്. മലപ്പുറം സ്വദേശിയായ അബ്ദുൾ റസാഖ് എന്നയാൾക്കാണ് നിർമ്മാണ കരാർ നൽകിയിരിക്കുന്നത്. ആറു മാസമാണ് പ്രവൃത്തി കാലാവധി. റെയിൽവേ സൂപ്രണ്ട് സുനിൽകുമാർ, അസി. ഡിവിഷണൽ എഞ്ചിനീയർ ഗോപി ചന്ദ്രനായക്, പഞ്ചായത്ത് പ്രസിഡന്റുമാർ,  വികസന സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ, ചേമ്പർ ഓഫ് കൊമേഴ്‌സ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

ദീപാ നിശാന്തിന് കുട്ടികളെ പഠിപ്പിക്കാന്‍ എന്ത് യോഗ്യതയെന്ന് ടി പത്മനാഭന്‍

കോഴിക്കോട്: കവിതാ മോഷണ വിവാദത്തിൽപ്പെട്ട ദീപാ നിശാന്തിന് കുട്ടികളെ പഠിപ്പിക്കാൻ എന്ത് യോഗ്യതയാണുള്ളതെന്ന് എഴുത്തുകാരൻ ടി.പത്മനാഭൻ. കവിത മോഷ്ടിച്ചുവെന്ന് മാത്രമല്ല ഇത്തരത്തിലൊരാളെ ഒരു സംസ്ഥാന കലോത്സവത്തിലെ മലയാളം ഉപന്യാസ രചനയുടെ മൂല്യ നിർണയത്തിന് എത്തിക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ തന്നെ ഏറെ വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് സി.പി.എം അനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ വിദ്യാഭ്യാസ മഹോത്സവത്തിന്റെ ഉദ്ഘാടനത്തിനെത്തിയ ടി.പത്മനാഭൻ പൊതുവിദ്യാഭ്യസ ഡയറക്ടർ കെ.വി മോഹൻകുമാർ ഐ.എ.എസ് അടക്കമുള്ളവരെ വേദിയിലിരുത്തിയാണ് വിമർശം അഴിച്ചുവിട്ടത്. 

Wednesday, December 19, 2018

ജമ്മു കശ്മീരില്‍ ഇനി രാഷ്ട്രപതി ഭരണം.

ആറ് മാസത്തെ ഗവര്‍ണര്‍ ഭരണത്തിന് ശേഷം ജമ്മു കശ്മീരില്‍ ഇനി രാഷ്ട്രപതി ഭരണം. ഡിസംബര്‍ 19 അര്‍ദ്ധരാത്രിയോടെ ആണ് രാഷ്ട്രപതി ഭരണം നിലവില്‍ വരിക. ഇത് സംബന്ധിച്ച ഉത്തരവില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. 

ചലച്ചിത്ര നടന്‍ ഗീത സലാം അന്തരിച്ചു.

ആലപ്പുഴ: ചലച്ചിത്ര നടന്‍ ഗീത സലാം  (72) അന്തരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നാടകകൃത്ത്, സംവിധായകന്‍, നടന്‍, സമിതി സംഘാടകന്‍, സിനിമ- സീരിയല്‍ അഭിനേതാവ് തുടങ്ങി നിരവധി മേഖലകളില്‍ അദേഹം വേഷപ്പകര്‍ച്ച നടത്തി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ഗ്രാമഫോണ്‍, റോമന്‍സ്, ഈ പറക്കും തളിക, കൊച്ചിരാജാവ്,വെള്ളിമൂങ്ങ ഉള്‍പ്പെടെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 

സനലിന്റെ വിധവ വിജിയെ ആധിക്ഷേപിച്ച മന്ത്രി എം എം മണി കേരളീയ സമൂഹത്തോട് മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല.

തിരുവനന്തപുരം: സനലിന്റെ വിധവ വിജിയെ ആധിക്ഷേപിച്ച മന്ത്രി എം എം മണി കേരളീയ സമൂഹത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സ്ത്രീത്വത്തെ സംരക്ഷിക്കാന്‍ വേണ്ടി മതിലു പണിയുന്നവരുടെ തനി നിറമാണ് മന്ത്രി എം എം മണിയുടെ അധിക്ഷേപത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്.

Tuesday, December 18, 2018

പ്രമുഖ സൂഫിവര്യൻ അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു.


മലപ്പുറം: പ്രമുഖ സൂഫിവര്യൻ അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ (82) അന്തരിച്ചു. ബുധനാഴ്ച രാവിലെ 11.50ന് വളാഞ്ചേരി അത്തിപ്പററ ഫത്ഹുല്‍ ഫത്താഹിനു സമീപത്തെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം പിന്നീട്.

വിമാനത്താവള റോഡിൽ വാരം ടാക്കിസിന് സമീപം കാറിന് തീ പിടിച്ചു.


കണ്ണൂർ : വിമാനത്താവള റോഡിൽ
വാരം ടാക്കിസിന് സമീപം കാറിന് തീ പിടിച്ചു. കണ്ണൂർ സ്വദേശി വിമല കുമാരിയുടെ ഉടമസ്ഥതയിലുള്ള KL-13-P-787 മാരുതി 800 കാറാണ് പൂർണമായും കത്തി നശിച്ചത്. ബുധനാഴ്ച രാവിലെ 7:50 ഓടെയാണ് സംഭവം. കാർ പൂർണമായും കത്തി നശിച്ചു. അസി.സ്റ്റേഷൻ ഓഫീസർ കുരിയാക്കോസ്, ലീഡിങ് ഫയർമാൻ ടി.കെ ലക്ഷ്മണൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്‌സ് സംഘമാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ട് ആയിരിക്കാം തീപിടിത്ത കാരണമെന്ന് പ്രാഥമിക നിഗമനം  

സംസ്ഥാനം മൊത്തം ഓൺലൈൻ ടാക്സി തട്ടിപ്പിന്റെ പേരിൽ കോടികളുമായി മുങ്ങിയ പ്രതി പിടിയിൽ.


കണ്ണൂർ: സംസ്ഥാനം മൊത്തം 
ഓൺലൈൻ ടാക്സി തട്ടിപ്പിന്റെ പേരിൽ കോടികളുമായി മുങ്ങിയ പ്രതിയെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കൽ സ്വദേശി സൂരജിനെ (42) യാണ് കണ്ണൂർ ടൗൺ എസ്.ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പറശ്ശിനിക്കടവ് ഭാഗത്ത് ഒരു ലോഡ്ജിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തലശ്ശേരി സ്വദേശി രഞ്ജിത്ത് നൽകിയ പരാതിയിലാണ് അറസ്റ്റ്. ഓൺലൈൻ ടാക്സിയുടെ ഓഹരി ഉടമ ആക്കണമെന്ന് പറഞ്ഞാണ് രഞ്ജിത്തിൽ നിന്നും മൂന്നു ലക്ഷത്തോളം രൂപ കൈക്കലാക്കിയത്.  ജില്ലക്കും പുറത്തും നിരവധി പേരെ കബളിപ്പിച്ച് അരക്കോടിയിലേറെ രൂപ ഇയാൾ കൈക്കലാക്കിയതയാണ് വിവരം. പുതിയ തെരുവിൽ കാർ വൺ എന്ന പേരിൽ സ്വന്തമായി ഒരു സ്ഥാപനം ഉണ്ടാക്കുകയും പിന്നീട് ഇത് കണ്ണൂർ റബ്കോ ബിൽഡിങ്ങിലേക്കും വ്യാപിപ്പിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. എ.എസ്.ഐ അനീഷ്, സി.പി.ഒ സഞ്ജയ്, അനിൽ ബാബു പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

റിയാദിലെ ലുലു അവന്യുവില്‍നിന്ന് നാലരക്കോടി രൂപ തട്ടിപ്പ് നടത്തി മുങ്ങിയആൾ പിടിയിൽ.



റിയാദിലെ ലുലു അവന്യുവില്‍നിന്ന് നാലരക്കോടി രൂപ തട്ടിപ്പ് നടത്തി മുങ്ങിയ ജീവനക്കാരനെ തിരുവനന്തപുരം കഴക്കുട്ടത്ത് സിറ്റി ഷാഡോ പോലീസ് പിടികൂടി. കഴക്കുട്ടം ശാന്തിനഗര്‍ സാഫല്യം വീട്ടില്‍ ഷിജു ജോസഫാണ്(45) അറസ്റ്റിലായത്.



ലുലു ഗ്രൂപ്പ് സ്ഥാപനമായ ലുലു അവന്യൂവില്‍ മാനേജരായി ജോലി ചെയ്തിരുന്ന ഷിജു ജോസഫ് ഒന്നര വര്‍ഷത്തോളം സ്ഥാപനത്തിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. ജോര്‍ദാന്‍ സ്വദേശി മുഹമ്മദ് ഫക്കീമുമായി ചേര്‍ന്നായിരുന്നു തട്ടിപ്പ്. ലുലു അവന്യൂവിലെക്ക് സാധനങ്ങള്‍ മുഹമ്മദ് ജോലിയെടുത്തിരുന്ന കമ്പനി വഴിയാണ് വാങ്ങിയിരുന്നത്. വലിയ കണ്ടെയ്‌നറുകളില്‍ വരുന്ന സാധനങ്ങള്‍ ലുലു ഷോപ്പിലേക്ക് കൊണ്ടുവരാതെ സാമാനമായ മറ്റു ഷോപ്ലുകളിലേക്ക് മാറ്റിയും വ്യാജ രേഖകള്‍ ചമച്ചുമാണ് ഇരുവരും ചേര്‍ന്നു തട്ടിപ്പ് നടത്തിയത്. ലുലു അവന്യുവില്‍നിന്ന് നാലരക്കോടി രൂപ തട്ടിപ്പ് നടത്തി മുങ്ങിയ ജീവനക്കാരനെ തിരുവനന്തപുരം കഴക്കുട്ടത്ത് സിറ്റി ഷാഡോ പോലീസ് പിടികൂടി. കഴക്കുട്ടം ശാന്തിനഗര്‍ സാഫല്യം വീട്ടില്‍ ഷിജു ജോസഫാണ്(45) അറസ്റ്റിലായത്. ലുലു ഗ്രൂപ്പ് സ്ഥാപനമായ ലുലു അവന്യൂവില്‍ മാനേജരായി ജോലി ചെയ്തിരുന്ന ഷിജു ജോസഫ് ഒന്നര വര്‍ഷത്തോളം സ്ഥാപനത്തിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. ജോര്‍ദാന്‍ സ്വദേശി മുഹമ്മദ് ഫക്കീമുമായി ചേര്‍ന്നായിരുന്നു തട്ടിപ്പ്. ലുലു അവന്യൂവിലെക്ക് സാധനങ്ങള്‍ മുഹമ്മദ് ജോലിയെടുത്തിരുന്ന കമ്പനി വഴിയാണ് വാങ്ങിയിരുന്നത്. വലിയ കണ്ടെയ്‌നറുകളില്‍ വരുന്ന സാധനങ്ങള്‍ ലുലു ഷോപ്പിലേക്ക് കൊണ്ടുവരാതെ സാമാനമായ മറ്റു ഷോപ്ലുകളിലേക്ക് മാറ്റിയും വ്യാജ രേഖകള്‍ ചമച്ചുമാണ് ഇരുവരും ചേര്‍ന്നു തട്ടിപ്പ് നടത്തിയത്.

Monday, December 17, 2018

അബുദാബിയില്‍ ജോലി ചെയ്യുകയായിരുന്ന മലയാളി യുവാവിനെ കാണാതായായി പരാതി.

അബുദാബി: അബുദാബിയില്‍ ജോലി ചെയ്യുകയായിരുന്ന മലയാളി യുവാവിനെ കാണാതായായി പരാതി. ഹംദാന്‍ സ്ട്രീറ്റിലെ ലിവ റോഡിലുള്ള ഹോട്ടലില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന നീലേശ്വരം സ്വദേശി ഹാരിസ് പൂമാടത്തിനെയാണ് കാണാതായത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇവിടെ ജോലി ചെയ്തിരുന്ന ഹാരിസിനെ ഡിസംബര്‍ എട്ടിന് അല്‍ ശംക പ്രദേശത്ത് വെച്ചാണ് അവസാനം കണ്ടത്. ഡിസംബര്‍ എട്ടിന് സഹോദരനെ കാണാനായി അല്‍ ശംകയിലേക്ക് വന്ന ശേഷം തിരികെ പോയ യുവാവിനെ പിന്നീട് കാണാതാവുകയായിരുന്നുവെന്ന് സഹോദരന്‍ സുഹൈല്‍ പറഞ്ഞു.
അല്‍ മിന പോലീസ് സ്റ്റേഷനില്‍ സുഹൈല്‍ പരാതി നല്‍കിയിട്ടുണ്ട്. 

മധ്യപ്രദേശില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി കോണ്‍ഗ്രസ് സര്‍ക്കാര്‍.


ഭോപ്പാല്‍: മധ്യപ്രദേശില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി കോണ്‍ഗ്രസ് സര്‍ക്കാര്‍. സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റ ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ മുഖ്യമന്ത്രി കമല്‍നാഥ് ആദ്യം കര്‍ഷക കടങ്ങള്‍ എഴുതി തള്ളുന്ന ഫയലില്‍ ഒപ്പിടുകയായിരുന്നു.
2018 മാര്‍ച്ച് 31 വരെയുള്ള രണ്ട് ലക്ഷം രൂപക്ക് താഴെയുള്ള ദേശസാല്‍കൃത, സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത എല്ലാ ലോണുകളും എഴുതി തള്ളി.

രാഹുൽ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.


പാലക്കാട്: പമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസുകാരെ തടഞ്ഞെന്ന കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന രാഹുൽ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് കഴിഞ്ഞ ദിവസം രാഹുലിന്റെ ജാമ്യം കോടതി റദ്ദാക്കുകയും അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയും ചെയ്തിരുന്നു. എല്ലാ ശനിയാഴ്ചയും പമ്പ പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റാന്നി കോടതിയുടെ ഉത്തരവ്. 

കേരളത്തിന്റെ ഇലക്‌ട്രിക് ഓട്ടോ വിപണിയിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായി മുഖ്യമന്ത്രി


കേരളത്തിന്റെ ഇലക്‌ട്രിക് ഓട്ടോ വിപണിയിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോ മൊബൈല്‍ ലിമിറ്റഡ് നിര്‍മ്മിച്ച ഇ - ഓട്ടോ സിഎംവിആര്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചാല്‍ ഇ - ഓട്ടോ പിപണിയില്‍ എത്തിക്കും.സംസ്ഥാനസര്‍ക്കാറിന്റെ ഇ - വെഹിക്കിള്‍ നയത്തിന്റെ അടിസ്ഥാനത്തിലാണ് വായു മലിനീകരണവും ശബ്ദമലിനീകരണവും കുറഞ്ഞ ഇ - ഓട്ടോയ്ക്ക് രൂപം നല്‍കിയത്. ഒരു കിലോ മീറ്ററിന് അമ്പത് പൈസയില്‍ താഴെ മാത്രമേ ചെലവു വരൂ എന്നതാണ് ഇ- ഓട്ടോയുടെ പ്രത്യേകത. ഒരു പ്രാവശ്യം പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്താല്‍ നൂറ് കിലോ മീറ്റര്‍ വരെ യാത്ര സാധ്യമാകും. മൂന്ന് മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്യാനും സാധിക്കും. സ്റ്റാന്റുകളിലും മറ്റും ചാര്‍ജ്ജിംഗ് സംവിധാനം ഒരുക്കിയാല്‍ തടസങ്ങളില്ലാതെ ഓട്ടം സാധ്യമാക്കാം.

വിശ്വാസത്തെ തകർക്കാൻ ശ്രമിച്ചാൽ എകെജി സെന്റർ അടക്കം അയ്യപ്പ ഭക്തർ അടിച്ചു തരിപ്പണമാക്കും; പ്രകോപന പ്രസംഗവുമായി എ എൻ രാധാകൃഷ്ണൻ

വിശ്വാസത്തെ തകർക്കാൻ ശ്രമിച്ചാൽ എകെജി സെന്റർ അടക്കം അയ്യപ്പ ഭക്തർ അടിച്ചു തരിപ്പണമാക്കും; പ്രകോപന പ്രസംഗവുമായി എ എൻ രാധാകൃഷ്ണൻ

വൈദ്യുതി മുടങ്ങും


കുഞ്ഞിമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ അങ്ങാടി, കൊയപ്പാറ, തലായി ഭാഗങ്ങളിൽ നാളെ
(ഡിസംബർ 18) രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പാട്യം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മൂഴിവയൽ, കുണ്ടംചാൽ ഭാഗങ്ങളിൽ നാളെ
(ഡിസംബർ 18) രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
ചാലോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളുവയൽ മരമില്ല്, വേശാല കോമക്കരി ഭാഗങ്ങളിൽ നാളെ
(ഡിസംബർ 18) രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെ വൈദ്യുതി മുടങ്ങും.

Sunday, December 16, 2018

കണ്ണൂർ വിമാനത്താവളത്തിന് സമിപത്തെ നാഗവളവിൽ തിപ്പിടിത്തം

Big Breaking : 
കണ്ണൂർ വിമാനത്താവളത്തിന് സമിപത്തെ നാഗവളവിൽ തിപ്പിടിത്തം. കണ്ണൂർ - മട്ടന്നൂർ റോഡിലെ നാഗവളവിലുള്ള കാടുകൾക്കാണ് തിപ്പിടിച്ചത്. അഗ്നിശമന സേനയും നാട്ടുകാരും തീയണക്കാനുള്ള ശ്രമത്തിലാണ്.

Saturday, December 15, 2018

കൊച്ചിയിൽ ബ്യൂട്ടി സലൂണിൽ രണ്ടംഗ സംഘം വെടിയുതിർത്തതായുള്ള പരാതിയിൽ സ്ഥാപന ഉടമയുടെ മൊഴി രേഖപ്പെടുത്തി



കടവന്ത്രയിലെ നെയ്ൽ ആർട്ടിസ്ട്രി ബ്യൂട്ടി സലൂണിൽ രണ്ടംഗ സംഘം വെടിയുതിർത്തതായുള്ള പരാതിയിൽ സ്ഥാപന ഉടമ ലീന മരിയ പോളിന്റെ മൊഴി രേഖപ്പെടുത്തി.


ഹർത്താലിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്തുണ കലാപആഹ്വാനം : കോടിയേരി ബാലകൃഷ്ണൻ.


കേരളത്തില്‍ കലാപം നടത്താന്‍ പ്രധാനമന്ത്രി തന്നെ ആഹ്വാനം നല്‍കിയിരിക്കയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഹര്‍ത്താലിനു പ്രധാനമന്ത്രി പിന്തുണ നല്‍കുന്നത് അസാധാരണ സംഭവമാണ്. ഏറ്റവും കൂടുതല്‍ ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ച് ഗിന്നസ് ബുക്കില്‍ കയറിക്കൂടാനാണ് ബിജെപിയുടെ ശ്രമം. ഹര്‍ത്താല്‍ നിരോധനമല്ല, നിയന്ത്രണമാണ് വേണ്ടത്. ഇക്കാര്യത്തില്‍ രാഷ്ട്രീയപാര്‍ടികള്‍ അഭിപ്രായസമന്വയത്തില്‍ എത്തണമെന്നും കോടിയേരി  മാധ്യമങ്ങളോട് പ്രതികരിച്ചു.

ചരമം


കണ്ണൂർ സിറ്റി: ആനയിടുക്ക് റെഡ് റോസ് മഹലിൽ കെ.ഉമ്മർ കുഞ്ഞി ഹാജി (74) നിര്യാതനായി. ഭാര്യ: ചുണ്ടന്റവിടെ അസ്മാബി. മക്കൾ: റഹ്നാസ്, റജീസ്‌ (ഇരുവരും ലണ്ടൻ), റമീസ, റംസീന
മരുമക്കൾ: മുസ്തഫ (ലണ്ടൻ), നാസർ, നദീർ, റിഷ ഷെറിൻ. സഹോദരങ്ങൾ : പരേതരായ ഹസ്സൻ കുഞ്ഞി, അബൂബക്കർ, മൊയ്തീൻ കുഞ്ഞി. പരേതരായ മാമു - കുഞ്ഞാമിന ദമ്പതികളുടെ മകനാണ്.

Thursday, December 13, 2018

ഈ ഹര്‍ത്താലിലൂടെ ബിജെപി സ്വയം അപഹാസ്യരായെന്നു മുഖ്യമന്ത്രി.


ഒരു ന്യായീകണവുമില്ലാത്ത ഹര്‍ത്താല്‍ ആഹ്വാനമാണ് ബി.ജെ.പി നടത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി. ഹര്‍ത്താല്‍ എന്തിനെന്ന് ബിജെപി വ്യക്തമാക്കണം. ഈ ഹര്‍ത്താലിലൂടെ ബിജെപി സ്വയം അപഹാസ്യരായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  പറഞ്ഞു.മരിച്ച വേണുഗോപാലന്‍ നായരുടെ മരണമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയതാണ്. ബി.ജെ.പി ഉന്നയിക്കുന്ന ആരോപണങ്ങളുമായി ആത്മഹത്യക്ക് ബന്ധമില്ല. നാടിന്റെ പുരോഗതിയെക്കുറിച്ചു ബിജെപി കേന്ദ്ര നേതൃത്വത്തിന് ധാരണ ഉണ്ടെങ്കില്‍ ഹര്‍ത്താലിനെതിരെ ഇടപെടണമെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.

കോഴിക്കോട്ടും തിരുവനന്തപുരത്തും ഏതാനും തീയേറ്ററുകളിലെ ഒടിയന്റെ പകൽ ഷോകള്‍ നിര്‍ത്തിവെച്ചു.


കോഴിക്കോട്: ബി.ജെ.പി ഹർത്താലിനിടെ മോഹൻലാൽ ചിത്രം ഒടിയന്‍ വെള്ളിയാഴ്ച റിലീസ് ചെയ്തുവെങ്കിലും കോഴിക്കോട്ടും തിരുവനന്തപുരത്തും ഏതാനും തീയേറ്ററുകളിലെ പകൽ ഷോകള്‍ നിര്‍ത്തിവെച്ചു. കോഴിക്കോട് അപ്‌സര തീയേറ്ററിലാണ്  ഷോ നിര്‍ത്തി വെച്ചിരിക്കുന്നത്‌. ഹര്‍ത്താല്‍ മൂലം അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുമോ എന്ന ഭയത്താലാണ് ഷോ മാറ്റിയതെന്ന് തീയേറ്റര്‍ അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെ 4.30ന് മോഹന്‍ലാല്‍ ഫാന്‍സിനായുള്ള ആദ്യ ഷോ നടന്നിരുന്നു. തുടർന്ന് നടക്കേണ്ടിയിരുന്ന മൂന്ന് ഷോകളാണ് റദ്ദാക്കിയിരിക്കുന്നത്. രാവിലെ 9.55, ഉച്ചയ്ക്ക് 1 മണി, വൈകീട്ട് 4.10 എന്നീ ഷോകളാണ് നിര്‍ത്തിവെച്ചത്. ഇതേത്തുടർന്ന് കാണികളും മോഹന്‍ലാല്‍ ഫാന്‍സും ഏറെ നിരാശയിലാണ്.  ഓണ്‍ലൈനില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കും നിരാശരാകേണ്ടി വന്നിരിക്കയാണ്.

ബിജെപി ഹര്‍ത്താലിനിടെ പാലക്കാട് അക്രമം.

പാലക്കാട്: ബിജെപി ഹര്‍ത്താലിനിടെ പാലക്കാട് അക്രമം. കെഎസ്ആർടിസി ബസുകളുടെ ചില്ലുകൾ അടിച്ചു തകർത്തു.

ഏതെങ്കിലും വിധത്തിലുളള അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും : ഡിജിപി.


ബി.ജെ.പി  പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിന്‍റെ പശ്ചാത്തലത്തില്‍ സാമാന്യ ജനജീവിതം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും വിധത്തിലുളള അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. 

അക്രമത്തിന് മുതിരുകയോ നിര്‍ബന്ധമായും കടകളും സ്ഥാപനങ്ങളും അടപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവരെ ഉടനടി അറസ്റ്റ് ചെയ്യും.  അക്രമത്തിന്  മുതിരുന്നവര്‍ക്കെതിരെ കേസ്സ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കും.  വ്യക്തികള്‍ക്കും വസ്തുവകകള്‍ക്കും എതിരെയുളള അക്രമങ്ങള്‍ കര്‍ശനമായി തടയും.  എല്ലാ വിധത്തിലുമുളള അനിഷ്ട സംഭവങ്ങള്‍ തടയുന്നതിന് ആവശ്യമായ സുരക്ഷ എര്‍പ്പെടുത്തിയിട്ടുണ്ട്.  സര്‍ക്കാര്‍ ഓഫീസുകള്‍, കെ.എസ്.ഇ.ബി, മറ്റ് ഓഫീസുകള്‍ എന്നിവയ്ക്ക് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.  കെ..എസ്.അര്‍.ടി.സി ബസുകള്‍ സ്വകാര്യ ബസുകള്‍ എന്നിവ തടസ്സം കൂടാതെ സര്‍വ്വീസ് നടത്തുന്നതിന് സൗകര്യം ഒരുക്കും.  കോടതികളുടെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിന് പ്രത്യേക നടപടികള്‍ സ്വീകരിക്കും.  

ആവശ്യമായ സ്ഥലങ്ങളില്‍ പോലീസ് പിക്കറ്റും പട്രോളിംഗും ഏര്‍പ്പെടുത്തും.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഓഫീസിന് മതിയായ സംരക്ഷണം ഒരുക്കും.  ശബരിമല തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും.  ഹര്‍ത്താലുകള്‍ നിര്‍ബന്ധിത ഹര്‍ത്താലായി മാറാതിരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന പലപ്പോഴായുളള ഹൈക്കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതി ഗതികള്‍ നിരീക്ഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് റേഞ്ച് ഐ.ജി മാരോടും സോണല്‍  എ.ഡി.ജി.പിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്

വൈദ്യുതി മുടങ്ങും.



ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബിക്കിരിയന്‍ പറമ്പ്, മാരിയമംഗലം, കപ്പോത്ത്കാവ്, പാളിയത്ത് വളപ്പ്, കണ്ടന്‍ചിറ എന്നീ ഭാഗങ്ങളില്‍ നാളെ
(ഡിസംബര്‍ 14) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീച്ചേരി, പാറക്കടവ്, ചിറക്കുറ്റി എന്നീ ഭാഗങ്ങളില്‍ നാളെ
(ഡിസംബര്‍ 14) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തെക്കുമ്പാട്, വീവണ്‍ ക്ലബ്, തെക്കുമ്പാടി വി ടി എസ്, അണീക്കര, പുതിയപുഴക്കര എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ നാളെ
(ഡിസംബര്‍ 14) രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മുടക്കണ്ടി, കീഴല്ലൂര്‍, ചെറിയവളപ്പ്, കുറുമാത്തൂര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ നാളെ
(ഡിസംബര്‍ 14) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

സൗദി ഹോസ്പിറ്റലിൽ മാനേജർ നിയമനം .


സൗദി അറേബ്യയിലെ അൽ മൗവ്വാസാത്ത് ഹോസ്പിറ്റലിലേക്ക് സപ്പോർട്ട് സർവ്വീസ് മാനേജരുടെ ഒഴിവിലേക്ക് അഞ്ച് വർഷം പ്രവൃത്തിപരിചയമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് ഒഡെപെക്ക് മുഖേന ഈ മാസം 20 ന് കൊച്ചിയിൽ ഇന്റർവ്യൂ നടത്തുന്നു. താൽപര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം odepcprivate@gmail.com എന്ന ഇ-മെയിലേക്ക് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in.  ഫോൺ:0471-2329440

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.

തിരുവനന്തപുരത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ട്രാഫിക്കില്‍ നിന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് അക്രമിച്ചത്. യുടേണ്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. സംഭവത്തില്‍ 7 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

പെരുന്തച്ചൻ എന്ന ഒറ്റ സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകൻ അജയൻ അന്തരിച്ചു.


പെരുന്തച്ചൻ എന്ന ഒറ്റ സിനിമയിലൂടെ ശ്രദ്ധേയനായ  സംവിധായകൻ അജയൻ അന്തരിച്ചു.വിഖ്യാത നാടകകാരൻ തോപ്പിൽ ഭാസിയുടെയും അമ്മിണിയമ്മയുടേയും  മൂത്തമകനാണ്‌.  ഡോ. സുഷമയാണ്‌ ഭാര്യ. പാർവ്വതി, ലക്ഷ്‌മി എന്നിവർ മക്കളാണ്‌. സംസ്‌കാരം പിന്നീട്‌.1990ൽ പുറത്തിറങ്ങിയ പെരുന്തച്ചന്റെ രചന എം ടി വാസുദേവൻ നായരുടേതാണ്‌. പെരുന്തച്ചനിലുടെ നവാഗത സംവിധായകനുള്ള സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍  നേടിയിട്ടുണ്ട്‌.  അരവിന്ദന്‍, കെ ജി ജോര്‍ജ്, ഭരതൻ, പത്‌മരാജൻ, എന്നിവർക്കൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്‌.

വെള്ളിയാഴ്ച സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധസൂചകമായി വെള്ളിയാഴ്ച സംസ്ഥാനത്ത്  ഹര്‍ത്താല്‍ ആചരിക്കുമെന്ന് ബിജെപി. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. 

ബിജെപിയുടെ സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യശ്രമം നടത്തിയ ആള്‍ മരിച്ചു.


തിരുവനനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലുള്ള ബിജെപിയുടെ സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യശ്രമം നടത്തിയ ആള്‍ മരിച്ചു.  മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച വേണുഗോപാലന്‍ നായര്‍ ശരണമന്ത്രം ചൊല്ലി സമരപ്പന്തലിന് സമീപത്തേക്ക് ഓടിയെത്തുകയായിരുന്നു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലഘുലേഘ സംബന്ധിച്ച കേസില്‍ വളപട്ടണം എസ്.ഐയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹരജി.

അഴീക്കോട് നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലഘുലേഘ സംബന്ധിച്ച കേസില്‍ വളപട്ടണം എസ്.ഐയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹരജി. കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ച് കെ.എം.ഷാജിയാണ് ഹരജി നല്‍കിയത്. ലഘുലേഖ പൊലീസ് കണ്ടെടുത്തതല്ലെന്നും സി.പി.എം പ്രാദേശിക നേതാവ് ഹാജരാക്കിയതാണെന്നുമാണ് ഷാജിയുടെ വാദം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ വര്‍ഗീയ പ്രചരണം നടത്തിയെന്നാരോപിച്ച് എതിര്‍സ്ഥാനാര്‍ത്ഥി എം.വി നികേഷ് കുമാര്‍ സമര്‍പിച്ച ഹരജിയിലാണ് കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. വളപട്ടണം പഞ്ചായത്ത് പ്രസിഡന്റായിരുന്ന എന്‍.പി മനോരമയുടെ വീട്ടില്‍ നിന്ന് ലഘുലേഖകള്‍ പിടിച്ചെടുത്തെന്ന് അന്നത്തെ വളപട്ടണം എസ്.ഐയായിരുന്ന ശ്രീജിത് കൊടേരി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. 

Wednesday, December 12, 2018

സി.കെ പത്മനാഭൻ നിരാഹാര സമരം കിടക്കുന്ന സമരപ്പന്തലിന് സമീപം ആത്മഹത്യാ ശ്രമം.


തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ ബിജെപി നേതാവ് സി.കെ പത്മനാഭൻ നിരാഹാര സമരം കിടക്കുന്ന സമരപ്പന്തലിന് സമീപം ആത്മഹത്യാ ശ്രമം. മുട്ടട സ്വദേശി വേണുഗോപാല്‍ എന്നയാള്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ചശേഷം സമരപ്പന്തലിന് സമീപത്തേക്ക് ഓടിയെത്തുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. 

ആലപ്പുഴയിൽ വനിതാമതിലിന്റെ രക്ഷാധികാരിയായി രമേശ് ചെന്നിത്തലയെ നിയോഗിച്ചതിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല.


ആലപ്പുഴയിൽ വനിതാമതിലിന്റെ രക്ഷാധികാരിയായി രമേശ് ചെന്നിത്തലയെ നിയോഗിച്ചതിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല. അനുമതിയില്ലാതെയാണ് വനിതാമതിലിന്റെ രക്ഷാധികാരിയാക്കിയതെന്നും സാമാന്യ മര്യാദയ്ക്ക് നിരക്കാത്ത നടപടിയെന്നും ചെന്നിത്തല ആഞ്ഞടിച്ചു.  മന്ത്രി തോമസ് ഐസക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ആലപ്പുഴയിലെ വനിതാമതിലിന്റെ രക്ഷാധികാരിയായി ചെന്നിത്തലയെ നിയോഗിച്ചത്. സർക്കാരിന്റെത് രാഷ്ട്രീയ ഗിമ്മിക്കെന്ന് ആരോപിച്ച് ചെന്നിത്തല കലക്ടറെ വിളിച്ചു എതിർപ്പ് അറിയിച്ചു. 

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കെ എ പി ക്യാമ്പ്, പുന്നക്കുളങ്ങര, ആലങ്കീല്‍ കുളം, മൈലാട്, കാനൂല്‍, നെല്ലിയോട് എന്നീ ഭാഗങ്ങളില്‍ നാളെ
(ഡിസംബര്‍ 13) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.   
       മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബെമ്മണാശ്ശേരി, ഇല്ലം മുക്ക്, വള്ളിയോട്, ജാതിക്കാട് എന്നീ ഭാഗങ്ങളില്‍ നാളെ
(ഡിസംബര്‍ 13) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.     
       കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആണ്ടാംകൊവ്വല്‍, തൃപ്പാണിക്കര, മല്ലിയോട്ട്, പാണാച്ചിറ, പാണാച്ചിറ കളരി, അങ്ങാടി, കൊയപ്പാറ, തലായി എന്നീ ഭാഗങ്ങളില്‍ നാളെ
(ഡിസംബര്‍ 13) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.    
       ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വാളയില്‍, തെളുപ്പ്, കാരപേരാവൂര്‍, കാനാട്, കീഴല്ലൂര്‍ എന്നീ ഭാഗങ്ങളില്‍ നാളെ
(ഡിസംബര്‍ 13) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.   
       ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എളയാവൂര്‍ ബാങ്ക്, മുണ്ടയാട്, പാതിരിപ്പറമ്പ്, പെരിങ്ങോത്ത് അമ്പലം, കാനന്നൂര്‍ ഹാന്‍ഡ്‌ലൂം, എന്‍ എസ് പെട്രോമാര്‍ട്ട്, എടച്ചൊവ്വ, പന്നിക്കുന്ന് എന്നീ ഭാഗങ്ങളില്‍ നാളെ
(ഡിസംബര്‍ 13) രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് ആറ് മണിവരെ  വൈദ്യുതി മുടങ്ങും.   
       ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വാരം, കടാങ്കോട്, ചാലില്‍ മെട്ട, വാരം കടവ് എന്നീ ഭാഗങ്ങളില്‍ നാളെ
(ഡിസംബര്‍ 13) രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

എംപി ഫണ്ട്.

പി കെ ശ്രീമതി ടീച്ചര്‍ എം പിയുടെ പ്രാദേശിക വികസനനിധിയില്‍ നിന്ന് 14 ലക്ഷം രൂപ വിനിയോഗിച്ച് പിണറായി ഗ്രാമ പഞ്ചായത്തിലെ പന്തക്കപ്പാറ അംഗനവാടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി. 

മന്ത്രി ജി സുധാകരന്‍ 17 ന് കണ്ണൂർ ജില്ലയിൽ


പൊതുമരാമത്ത് വകുപ്പ് മന്ത്രി
ജി സുധാകരന്‍ ഡിസംബര്‍ 17 ന് കണ്ണൂർ ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.  രാവിലെ 9.30 - പുന്നക്കടവ്-പുതിയപുഴക്കര-ഏഴിലോട് റോഡ് പ്രവൃത്തി ഉദ്ഘാടനം-രാമന്തളി, 10.30 - കാങ്കോല്‍-ചീമേനി റോഡ് പ്രവൃത്തി ഉദ്ഘാടനം-സ്വാമിമുക്ക്-പയ്യന്നൂര്‍, 11.30 - ആലപ്പടമ്പ-മാതമംഗലം-പേരൂല്‍ റോഡ് നിര്‍മാണോദ്ഘാടനം-മാതമംഗലം, 3 മണി - ചന്തപ്പുര-പരിയാരം മെഡിക്കല്‍കോളേജ്-ശ്രീസ്ഥ-ഒഴക്രോം-കണ്ണപുരം റോഡ് നിര്‍മാണോദ്ഘാടനം-ഒഴക്രോം, 4 മണി - തളിപ്പറമ്പ്-പട്ടുവം-ചെറുകുന്ന് റോഡ് നിര്‍മാണോദ്ഘാടനം- പട്ടുവം, 5 മണി - എരിപുരം-ടി ബി മുട്ടം റോഡ് പ്രവൃത്തി ഉദ്ഘാടനം-വെങ്ങര.

തെലങ്കാനയില്‍ ചന്ദ്രശേഖര്‍ റാവു സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ നാളെ.

തെലങ്കാനയില്‍ ചന്ദ്രശേഖര്‍ റാവു സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ നാളെ. 
ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസും മിസോറാമില്‍ എം.എന്‍.എഫും സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
തെലങ്കാനയില്‍ നാളെ ഉച്ചക്ക് 1.24 നും 2.54 നും ഇടക്കാണ് ചന്ദ്രശേഖര്‍ റാവു സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. രാജ്ഭവനില്‍ വച്ചാണ് ചടങ്ങ്. 

Tuesday, December 11, 2018

വൈദ്യുതി മുടങ്ങും




◆ ചക്കരക്കൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധി:
 ■ തലമുണ്ട, ■ കുന്നത്ത്ചാൽ, ■ കുറുക്കൻമൊട്ട, ■ മുഴപ്പാല, ■ ബംഗ്ലാവ്‌മെട്ട, ■ പാറപ്പുറം, ■ കൂറപ്പീടിക, ■  ഉച്ചൂളിക്കുന്ന്, ■ അയനിമെട്ട, ■ അപജ്പക്കടവ് എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

◆ മയ്യിൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധി:
 ■ ചെക്കിക്കടവ്, ■ പാറപ്പുറം, ■ ചകിരി കമ്പനി, ■ കണ്ടക്കൈ ബാലവാടി, ■ കണ്ടക്കൈ കടവ് എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

◆ കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധി: 
■ പറശ്ശിനിപാലം, ■ പറശ്ശിനി റോഡ്, ■ അരിമ്പ്ര,  ■ നണിയൂർ നമ്പ്രം, ■ ചാത്തോത്ത് കുന്ന്, ■ കുറ്റിച്ചിറ ഭാഗങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

◆ കുഞ്ഞിമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധി;
■ പറമ്പത്ത്, കോളനി, ■ താമരംകുളങ്ങര, ■ മടത്തുംപടി, ■ തീരദേശം, ■ റോഷ്‌നി, ■ മൂശാരിക്കോവിൽ, ■ പി എച്ച് സി, ■ കണ്ടംകുളങ്ങര എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

◆ പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധി:
 ■ പിലാത്തറ എസ് ബി ടി പരിസരം, ■  പഴിച്ചീൽ അങ്കണവാടി പരിസരം,■  പഴിച്ചീൽ ബസ് സ്റ്റോപ്പ് ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
 
- അബൂബക്കർ പുറത്തീൽ 【10/12/2018】

Monday, December 10, 2018

രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപിക്ക്‌ ഭരണം നഷ്‌ടമായി.



വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്കെത്തുമ്പോൾ രാജസ്ഥാനിലും മധ്യപ്രദേശിലും  ഛത്തീസ്ഗഡിലും ബിജെപിക്ക്‌ ഭരണം നഷ്‌ടമായി. ഈ മുന്നിടത്തും കോൺഗ്രസ്‌  ബിജെപിയേക്കാൾ മുന്നിലാണ്‌. തെലങ്കാനയിലും , മിസോറാമിലും ബിജെപിക്ക്‌ ഒരു സീറ്റ്‌പോലും നേടാനായില്ല.  രാജസ്‌ഥാനിലും മധ്യപ്രദേശിലും ചത്തീസ്‌ഗഡിലും ഭരണത്തിലായിരുന്ന ബിജെപിക്ക്‌ കനത്ത തിരിച്ചടിയാണ്‌  

മിസോറാമില്‍ എം.എന്‍.എഫ് മുന്നേറ്റം.


ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട കോണ്‍ഗ്രസിന് തിരിച്ചടി നല്‍കിക്കൊണ്ട് മിസോറാമില്‍ എം.എന്‍.എഫ് മുന്നേറ്റം. 40 അംഗ നിയമസഭയില്‍ എം.എന്‍.എഫ് 23 സീറ്റുകളിലും കോണ്‍ഗ്രസ് 14 സീറ്റുകളിലുമാണ് മുന്നിട്ടു നില്‍ക്കുന്നത്. മറ്റുള്ളവര്‍ രണ്ട് സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുമ്പോള്‍ ബി.ജെ.പിക്ക് ഒരു സീറ്റില്‍ പോലും സാന്നിധ്യമില്ല. കേവല ഭൂരിപക്ഷത്തിന് 21 സീറ്റുകളാണ് ആവശ്യം.

ടിക്കറ്റ് ബുക്കിംഗിൽ അസ്വാഭാവികതയില്ല - ഒ.ഡി.ഇ.പി.സി

ടിക്കറ്റ് ബുക്കിംഗിൽ അസ്വാഭാവികതയില്ല - ഒ.ഡി.ഇ.പി.സി


ടിക്കറ്റ് ബുക്കിംഗിൽ അസ്വാഭാവികതയില്ല - ഒ.ഡി.ഇ.പി.സി


കണ്ണൂർ എയർപോർട്ടിന്റെ ഉദ്ഘാടനദിനമായ ഡിസംബർ ഒൻപതിന് തിരുവനന്തപുരത്തേക്ക് 64 പേർക്ക് ടിക്കറ്റ് ബുക്ക് ചെയ്തുനൽകിയതിൽ 29 പേർ ഇതിനകം തുക നൽകിയതായി ഒ.ഡി.ഇ.പി.സി അറിയിച്ചു. ബാക്കിയുള്ളവരുടെ തുക പിരിക്കുന്നതിൽ സാധാരണപ്രകാരമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ അസ്വാഭാവികതയില്ല.  യാത്രക്കാരുടെ ടിക്കറ്റ് തുകയുടെ ലഭ്യത ഉറപ്പാക്കിയതിനുശേഷമാണ് ഈ ടിക്കറ്റുകൾ ബുക്ക് ചെയ്തത്. ഒ.ഡി.ഇ.പി.സി ഔദ്യോഗിക യാത്രാടിക്കറ്റുകൾക്ക് ഒരു മാസത്തെ ക്രെഡിറ്റ് സൗകര്യം നൽകി വരുന്നുണ്ടെന്നും എം.ഡി അറിയിച്ചു.

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സി.എന്‍ ബാലകൃഷ്ണന്‍ അന്തരിച്ചു.


മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സി.എന്‍ ബാലകൃഷ്ണന്‍ (85) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘ കാലം തൃശൂര്‍ ഡി.സി.സി പ്രസിഡന്റായിരുന്നു. കെ.പി.സി.സി ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കണ്ണൂർ ജില്ലയിലെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



● ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഒമാനി, പെരുമണ്ണ്, പെടയങ്ങോട്, കുയിലൂർ, താഴ്‌വാരം ഭാഗങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
● ബർണശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഒണ്ടേൻ റോഡ്, ബെല്ലാർഡ് റോഡ്, പിള്ളയാർ കോവിൽ പരിസരം ഭാഗങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

● ചൊവ്വ സബ്‌സ്റ്റേഷൻ പരിധിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തയ്യിൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ സിറ്റി അടക്കമുള്ള എല്ലാ ഭാഗങ്ങളിലും രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.
 - അബൂബക്കർ പുറത്തീൽ 【10/12/2018】

നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ട് സര്‍ക്കുലര്‍ സര്‍വീസ് ആരംഭിച്ചു


 ശബരിമല: നിലയ്ക്കല്‍ ബേസ്‌ക്യാമ്പിലെത്തുന്ന അയ്യപ്പഭക്തരുടെ സൗകര്യാര്‍ത്ഥം എല്ലാ പാര്‍ക്കിങ് ഗ്രൗണ്ടുകളേയും ബന്ധപ്പെടുത്തി കെ.എസ്.ആര്‍.ടി.സി. നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ട് സര്‍ക്കുലര്‍ സര്‍വീസ് ആരംഭിച്ചു. ഒന്നുമുതല്‍ പത്തുവരെയുള്ള പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ ബന്ധിപ്പിച്ച് തിരികെ കെ.എസ്.ആര്‍.ടി.സി. ബസ്്‌സ്റ്റേഷനില്‍ എത്തിപ്പെടുന്ന വിധത്തിലാണ് ഈ സര്‍ക്കുലര്‍സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. ഒരുസര്‍ക്കുലര്‍ യാത്രയ്ക്ക് പത്തുരൂപയാണ് ചാര്‍ജ്. സര്‍ക്കുലര്‍സര്‍വീസിന്റെ ഫഌഗ് ഓഫ് എസ്. മഞ്ജുനാഥ് ഐ.പി.എസ്. നിലയ്ക്കല്‍ കെ.എസ്.ആര്‍.ടി.സി. ബസ്്‌സ്റ്റേഷനില്‍ നിര്‍വഹിച്ചു. ദേവസ്വംബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജെ. ജയപ്രകാശ്, പോലീസ് സ്‌പെഷ്യല്‍ഓഫീസര്‍ വി. അജയകുമാര്‍, കെ.എസ്.ആര്‍.ടി.സി. നിലയ്ക്കല്‍ സ്‌പെഷ്യല്‍ ഓഫീസര്‍ ജി. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവച്ചു.


ന്യൂഡല്‍ഹി: ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം

പിറവം വലിയപള്ളിയ്ക്കു മുകളില്‍ ആത്മഹത്യാ ഭീഷണിയുമായി രണ്ട് യാക്കോബായ വിശ്വാസികള്‍.


പിറവം: പിറവം വലിയപള്ളിയ്ക്കു മുകളില്‍ ആത്മഹത്യാ ഭീഷണിയുമായി രണ്ട് യാക്കോബായ വിശ്വാസികള്‍. പിറവം പള്ളിക്കേസുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി നടപ്പാക്കാന്‍ പള്ളിപരസരത്ത് പൊലിസ് എത്തിയപ്പോഴാണ് സംഭവം. പ്രതിഷേധവുമായെത്തിയ യാക്കോബായ വിഭാഗക്കാര്‍ പള്ളിയുടെ ഗേറ്റ് അകത്തുനിന്ന് പൂട്ടുകയായിരുന്നു.
ഓര്‍ത്തഡോക്‌സ് സഭയ്ക്കാണു പിറവം വലിയപള്ളിയുടെ അവകാശമെന്ന് സുപ്രിംകോടതി വിധി പ്രസ്താവിച്ചിരുന്നു. എന്നാല്‍, ഓര്‍ത്തഡോക്‌സ് സഭയിലെ അച്ചന്മാര്‍ക്കും വിശ്വാസികള്‍ക്കും പള്ളിയില്‍ പ്രവേശനം അനുവദിച്ചാല്‍ ജീവനൊടുക്കുമെന്നാണ് യാക്കോബായ വിശ്വാസികളുടെ ഭീഷണി.

ഉപേന്ദ്ര കുശ്‍വാഹ കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു.

രാഷ്ട്രീയ ലോക്സമതാ പാര്‍ട്ടി നേതാവ് ഉപേന്ദ്ര കുശ്‍വാഹ കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു. എന്‍.ഡി.എയിലെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജി. മാനവവിഭവശേഷി സഹമന്ത്രിയാണ് അദ്ദേഹം.
ബിഹാറില്‍ ലോക്സഭാ സീറ്റ് വിഭജനത്തെ കുറിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ലോക്സമതാ പാര്‍ട്ടി ബി.ജെ.പിയുമായി അകന്നത്. സീറ്റ് വിഭജന കാര്യത്തില്‍ നവംബര്‍ 30 വരെ അദ്ദേഹം ബി.ജെ.പിക്ക് സമയപരിധി നല്‍കിയിരുന്നു. എന്നാല്‍ അനുകൂല തീരുമാനം ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് എന്‍.ഡി.എ വിടാന്‍ തീരുമാനിച്ചത്.

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെ സംഘർഷം; തിരുവനന്തപുരം ജില്ലയില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താൽ.



തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
ബിജെപി ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിവരുന്ന നിരാഹാരം സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു

Kannur News

പ്രതിദിന നറുക്കെടുപ്പ് വിജയികൾ

കേരള സർക്കാർ കൈത്തറി & ടെക്‌സ്റ്റൈൽസ് വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം കണ്ണൂർ, കൈത്തറി വികസന സമിതി കണ്ണൂർ എന്നിവ കണ്ണൂർ പൊലീസ് മൈതാനിയി...