Wednesday, December 5, 2018

ലോക മണ്ണ് ദിനത്തിന്റെ ഭാഗമായി ജില്ലയിൽ മണ്ണ് ദിനാഘോഷം സംഘടിപ്പിച്ചു

ലോക മണ്ണ് ദിനത്തിന്റെ ഭാഗമായി ജില്ലയിൽ മണ്ണ് ദിനാഘോഷം സംഘടിപ്പിച്ചു. കൃഷി വകുപ്പും മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പും ചേർന്ന് സംഘടിപ്പിച്ച പരിപാടി മലപ്പട്ടം ഗ്രാമപഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. ലോക മണ്ണ് ദിനത്തിൽ നമുക്ക് ഒരു സ്വയം അവബോധം 
ഉണ്ടാകണമെന്ന് പ്രസിഡൻറ് പറഞ്ഞു. എല്ലാം വലിച്ചെറിഞ്ഞ് കളയാനുള്ള ചവറ്റുകൊട്ടയായാണ് മണ്ണിനെ കാണുന്നത്. ഇത് നമ്മളെ സർവ്വ നാശത്തിലേക്ക് നയിക്കും. വിമർശനപരമായ സ്വയം പരിശോധനയ്ക്ക് നാം തയ്യാറാകണമെന്നും മണ്ണിനെയും പ്രകൃതിയെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി നടത്തിയ ഉപന്യാസ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും കാർഷിക സെമിനാറും ചടങ്ങിൽ നടന്നു. 'മണ്ണ് പരിപാലനം ഭക്ഷ്യ സുരക്ഷയ്ക്ക്' എന്ന വിഷയത്തിൽ മണ്ണ് പര്യവേക്ഷണ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ എ കെ നാരായണൻ ക്ലാസ്സെടുത്തു. കർഷകർക്ക് അവരുടെ കൃഷിയിടങ്ങളിൽ പരിശോധന നടത്തി മണ്ണിന്റെ സ്വഭാവം എന്താണെന്നും ന്യൂനതകളെന്താണെന്നും മനസ്സിലാക്കാനാവുന്ന സോയിൽ ഹെൽത്ത് കാർഡുകളും വിതരണം ചെയ്തു.
മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പുഷ്പജൻ അധ്യക്ഷനായി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി വസന്തകുമാരി, മലപ്പട്ടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി സുലോചന, തളിപ്പറമ്പ് മണ്ണ് സംരക്ഷണ ഓഫീസർ വി.വി. പ്രകാശ്, കണ്ണൂർ സോയിൽ സർവ്വേ ഓഫീസർ ഇ എം ഷിജിനി, കണ്ണൂർ മണ്ണ് പര്യവേക്ഷണം അസി. ഡയറക്ടർ എൽ എൻ ഭാമിനി, ഇരിക്കൂർ കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ കെ കുര്യൻ എബ്രഹാം, മലപ്പട്ടം കൃഷി ഓഫീസർ ജ്യോതി സാറാ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.
 

No comments:

Post a Comment

Kannur News

പ്രതിദിന നറുക്കെടുപ്പ് വിജയികൾ

കേരള സർക്കാർ കൈത്തറി & ടെക്‌സ്റ്റൈൽസ് വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം കണ്ണൂർ, കൈത്തറി വികസന സമിതി കണ്ണൂർ എന്നിവ കണ്ണൂർ പൊലീസ് മൈതാനിയി...