Saturday, December 22, 2018

യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യം നിറവേറ്റി പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നടപ്പാലം കിഴക്ക് ഭാഗത്തേക്ക് ദീർഘിപ്പിക്കുന്നു.

യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യം നിറവേറ്റി പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നടപ്പാലം കിഴക്ക് ഭാഗത്തേക്ക് ദീർഘിപ്പിക്കുന്നു. നടപ്പാലത്തിന്റെ നിർമ്മാണ പ്രവൃത്തി   സി കൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ അഡ്വ.ശശി വട്ടക്കൊവ്വൽ അധ്യക്ഷനായി. 
     പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ നീണ്ട കാലത്തെ ആവശ്യമായിരുന്നു നടപ്പാലം കിഴക്ക് ഭാഗത്തേക്ക് ദീർഘിപ്പിക്കണമെന്നുള്ളത്. നിലവിൽ കിഴക്ക് വശത്ത് നിന്ന് യാത്രക്കാർ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിൽ എത്തുന്നതിന് ട്രാക്ക് മുറിച്ച് കടന്നും ട്രെയിനുകൾക്കടിയിലൂടെയും അപകടകരമായ രീതിയിൽ സഞ്ചരിച്ചായിരുന്നു. ഏഴിമല നേവൽ അക്കാദമി, സി ആർ പി എഫ് ക്യാംപ് തുടങ്ങി നിരവധി സർക്കാർ, സർക്കാർ ഇതര, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ പയ്യന്നൂരിൽ സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടേക്കായി ദിവസേന ആയിരക്കണക്കിന് യാത്രക്കാരാണ് റെയിൽവേ സ്റ്റേഷനിൽ എത്തുന്നത്. നടപ്പാലം യാഥാർത്ഥ്യമാകുന്നതോടെ ഇവരടക്കമുള്ളവർ അനുഭവിക്കുന്ന യാത്രാക്ലേശത്തിന് പരിഹാരമാകും. 
     സി കൃഷ്ണൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടും പയ്യന്നൂർ നഗരസഭയുടെ പദ്ധതി വിഹിതവും ഉപയോഗിച്ചാണ് നടപ്പാലം നിർമ്മിക്കുന്നത്. 90 ലക്ഷം രൂപയാണ് പാലത്തിന്റെ നിർമ്മാണ ചെലവ്. മലപ്പുറം സ്വദേശിയായ അബ്ദുൾ റസാഖ് എന്നയാൾക്കാണ് നിർമ്മാണ കരാർ നൽകിയിരിക്കുന്നത്. ആറു മാസമാണ് പ്രവൃത്തി കാലാവധി. റെയിൽവേ സൂപ്രണ്ട് സുനിൽകുമാർ, അസി. ഡിവിഷണൽ എഞ്ചിനീയർ ഗോപി ചന്ദ്രനായക്, പഞ്ചായത്ത് പ്രസിഡന്റുമാർ,  വികസന സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ, ചേമ്പർ ഓഫ് കൊമേഴ്‌സ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

No comments:

Post a Comment

Kannur News

പ്രതിദിന നറുക്കെടുപ്പ് വിജയികൾ

കേരള സർക്കാർ കൈത്തറി & ടെക്‌സ്റ്റൈൽസ് വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം കണ്ണൂർ, കൈത്തറി വികസന സമിതി കണ്ണൂർ എന്നിവ കണ്ണൂർ പൊലീസ് മൈതാനിയി...